ഡൽഹി മദ്യ നയം: 100 കോടിയുടെ കൈക്കൂലി ഇടപാട് നടന്നെന്ന് ഇ.ഡി

ന്യൂഡൽഹി: ഡൽഹിയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ വിവാദ മദ്യ നയത്തിൽ 100 കോടിരൂപ കൈക്കൂലിയായി നൽകപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സിസോദിയ അടക്കം 36 ഉന്നതർ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനായി 140 ഓളം മൊബൈൽ ഫോണുകൾ മാറ്റിയെന്നും ഇ.ഡി ആരോപിച്ചു.

അതേസമയം, സിസോദിയ ആരോപണങ്ങൾ നിഷേധിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഇ.ഡിയും സി.ബി.ഐയും പല തവണ സിസോദിയയുടെ വീടും ഓഫീസും പരിസരവും റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ അദ്ദേഹത്തിനെതിരായി തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമ​ന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സിസോദിയക്ക് പിന്തുണ നൽകി. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആപ്പ് നേതാക്കൾക്കെതിരെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന ആക്രമണമാണ് ഇതെന്ന് കെജ്രിവാൾ ആരോപിച്ചു.

മദ്യ നയവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ​ചെയ്തതിന് പിന്നാലെയാണ് അന്വേഷണ ഏജൻസി ആരോപണവുമായി രംഗത്തെത്തിയത്. പെൻനോഡ് റികാർഡ് എന്ന മദ്യക്കമ്പനിയുടെ ജനറൽ മാനേജർ ബിനോയ് ബാബു, അരബിന്ദോ ഫാർമയുടെ ഡയറക്ടർ പി. ശരത്ചന്ദ്ര റെഡ്ഢി എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്.

റെഡ്ഢിക്ക് മദ്യ വിൽപ്പനക്കായി അഞ്ച് റീട്ടെയ്ൽ സോണുകൾ അനുവദിച്ചിരുന്നു. നിയമപ്രകാരം രണ്ടെണ്ണം മാത്രമാണ് അനുവദനീയമെന്നിരിക്കെയായിരുന്നു ഇത്. അതായത് ഡൽഹിയിലെ മദ്യ വിൽപ്പനയുടെ 30 ശതമാനവും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇത്തരത്തിൽ വിൽപ്പന സൗകര്യം ലഭിക്കുന്നതിനായി ആകെ 100 കോടിയോളം രൂപ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് റെഡ്ഢി നൽകിയെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപേരും മദ്യനയം രൂപപ്പെടുത്തുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം അന്യായമായി ഇടപെട്ടുവെന്നും ആരോപണമുണ്ട്. മദ്യ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ചില മദ്യ നിർമാണ ശാലകൾക്ക് അവ ചോർത്തി നൽകിയെന്നും ഇ.ഡി ആരോപിച്ചു. 

Tags:    
News Summary - 100 Crore Bribes Paid In Delhi Liquor Scam,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.