ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ശരീരഭാരം നാലരക്കിലോ കുറഞ്ഞു. ഇ.ഡി കസ്റ്റഡിയിലും ജയിലിലുമായിക്കഴിഞ്ഞ 12 ദിവസത്തിനിടെയാണ് കെജ്രിവാളിന്‍റെ ഭാരം നാലരക്കിലോ കുറഞ്ഞതെന്ന് ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേന സമൂഹ മാധ്യമമായ എക്സിലൂടെ പറഞ്ഞു.
"അരവിന്ദ് കെജ്‌രിവാൾ കടുത്ത പ്രമേഹരോഗിയാണ്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും അദ്ദേഹം രാജ്യത്തെ സേവിക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. അറസ്റ്റിന് ശേഷം അദ്ദേഹം 4.5 കിലോ ഭാരം കുറഞ്ഞു. ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്. ബി.ജെ.പി അദ്ദേഹത്തിന്റെ ആരോഗ്യത്തെപോലും അപകടത്തിലാക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല, ദൈവംപോലും ബി.ജെ.പിയോട് ക്ഷമിക്കില്ല" അതിഷി എക്സിൽ കുറിച്ചു.
റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച ഇദ്ദേഹത്തെ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു.
തിഹാറിലെ ജയിൽ നമ്പർ രണ്ടിലെ സെല്ലിലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെജ്‌രിവാളിന്റെ പ്രമേഹത്തിന്റെ അളവിൽ മാറ്റമുണ്ടായതായും ഒരുതവണ ഷുഗറിന്റെ അളവ് 50ൽ താഴെ പോയതായും റിപ്പോർട്ടുകളുണ്ട്. രക്തത്തിലെ ഷുഗറിന്റെ അളവ് നിരീക്ഷിക്കാൻ ഷുഗർ സെൻസറും മരുന്നുകളും നൽകിയതായും അധികൃതർ പറയുന്നു.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മുഖ്യമന്ത്രിക്ക് നൽകുന്നുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. അദ്ദേഹത്തിന്‍റെ സെല്ലിന് സമീപം ക്വിക്ക് റെസ്‌പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.
എ.എ.പി നേതാവും കെജ്‌രിവാളിന്റെ ഭാര്യയുമായ സുനിതയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും അഭിഭാഷകനെ നേരിൽ കാണുകയും ചെയ്തിരുന്നു. ഇ.ഡി കസ്റ്റഡി അവസാനിച്ചതിന് ശേഷം രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കെജ്‌രിവാളിനെ തിങ്കളാഴ്ച വൈകീട്ടാണ് തിഹാർ ജയിലിൽ എത്തിച്ചത്. മദ്യനയക്കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ നേരിടുന്ന എ.എ.പി മുൻ മന്ത്രി സത്യേന്ദർ ജയിൻ ഏഴാം നമ്പർ ജയിലിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.