റായ്പൂർ: മൂന്ന് മാസത്തിനിടെ അക്കൗണ്ടിൽ നിന്ന് താൻ അറിയാതെ 3.22 ലക്ഷം രൂപ പിൻവലിക്കപ്പെട്ടതറിഞ്ഞ് പൊലീസിൽ പരാതി നൽകിയതായിരുന്നു ഛത്തിസ്ഗഢിലെ പൻഖാജൂർ സ്വദേശിയായ യുവതി. പി.വി 12 മിഡിൽ സ്കൂളിൽ അധ്യാപികയാണ് ശുഭ്ര പാൽ. ഓൺലൈൻ തട്ടിപ്പ് നടന്നെന്ന സംശയത്തിലാണ് അവർ പൊലീസിനെ സമീപിച്ചത്.
എന്നാൽ അന്വേഷണത്തിൽ യുവതിയുടെ 12 വയസുകാരനായ മകനാണ് പണം പിൻവലിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൊബൈൽ ഗെയിമിൽ ഉയർന്ന ലെവലിലേക്ക് കയറ്റം ലഭിക്കാനായി ആയുധങ്ങൾ വാങ്ങാൻ വേണ്ടിയാണ് ബാലൻ ഭീമൻ തുക ചെലവിട്ടത്.
മാർച്ച് എട്ടിനും ജൂൺ 10നും ഇടയിൽ 278 തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. ജൂൺ 11നാണ് അവർ പരാതി നൽകിയത്. ഒരു തവണ പോലും ഒ.ടി.പി വരാതെ പണം നഷ്ടപ്പെട്ടതോടെ പൊലീസ് പുതിയ തട്ടിപ്പ് രീതിയാണെന്ന് സംശയിച്ചു.
എന്നാൽ അക്കൗണ്ടുമായി ബന്ധിപ്പിച്ച അതേ മൊബൈൽ നമ്പറിൽ നിന്നുമാണ് പണം പിൻവലിക്കപ്പെട്ടതെന്ന് ബാങ്കിൽ അന്വേഷിച്ചപ്പോൾ മനസിലായി. പണമെല്ലാം ഓൺലൈൻ ഗെയിമിൽ മുന്നേറാനായാണ് 12കാരൻ ചെലവിട്ടത്. മൊബൈലിൽ 'ഫ്രീഫയർ' എന്ന ഗെയിമാണ് കളിച്ചുകൊണ്ടിരുന്നത്. ചോദ്യം ചെയ്യലിൽ മൊബൈൽ ഗെയിമിന് അടിമപ്പെട്ട കുട്ടി ഗെയിമിലെ ലെവലുകൾ വിജയിക്കാനായി പണം ചെലവിട്ടതായി സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.