ഷിംല: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തം വിതച്ച് മേഘവിസ്ഫോടനവും പേമാരിയും. ഉത്തരാഖണ്ഡിൽ 12 പേരും ഹിമാചൽ പ്രദേശിൽ അഞ്ചുപേരും മരിച്ചു. 56 പേരെ കാണാതായി.
ഹിമാചൽ പ്രദേശിലെ ഷിംല, മണ്ഡി, കുളു ജില്ലകളിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഷിംലയിലെ രാംപൂരിൽ സബേമജ് ഖുദിലുണ്ടായ മേഘവിസ്ഫോടനത്തിൽ രണ്ടു പേർ മരിക്കുകയും 28 പേരെ കാണാതാവുകയും ചെയ്തു. രണ്ടു പേരെ രക്ഷപ്പെടുത്തി. റോഡുകൾ ഒഴുകിപ്പോയതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രയാസം നേരിടുകയാണ്. കാണാതായവർക്കായി ഡ്രോണുകളുടെ സഹായവും തേടിയിട്ടുണ്ട്. മണ്ഡി ജില്ലയിലെ രാജ്ബൻ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിലാണ് മറ്റ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇവിടെ ഒമ്പത് പേരെ കാണാതായി. രണ്ട് വീടുകൾ വെള്ളപ്പാച്ചിലിൽ തകർന്നു. കുളു ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴുപേരെ കാണാതായി.
മലാന ജല വൈദ്യുതി പദ്ധതി പ്രദേശത്ത് ഏതാനും പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഭൂഗർഭ നിലയിൽ കഴിയുന്ന ഇവർ സുരക്ഷിതരാണെന്നും രക്ഷപ്പെടുത്തുന്നതിന് ദുരന്ത നിവാരണ സേന ശ്രമം തുടങ്ങിയെന്നും അധികൃതർ പറഞ്ഞു. കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് മണാലി-ചണ്ഡിഗഢ് ദേശീയ പാത പലയിടങ്ങളിലും തകർന്നു. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ ആറുപേരും തെഹ്രിയിൽ മൂന്നുപേരും ഡറാഡൂണിൽ രണ്ടുപേരും ചമോലിയിൽ ഒരാളുമാണ് മരിച്ചത്. 450ഓളം കേദാർനാഥ് തീർഥാടകർ ഗൗരികുണ്ഡ്-കേദാർനാഥ് പാതയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ റോഡ് കനത്ത മഴയിൽ ഒഴുകിപ്പോയി. കുടുങ്ങിയവരിൽ 200ഓളം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായി അധികൃതർ പറഞ്ഞു. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ കാത്തുനിൽക്കാൻ തീർഥാടകർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.