ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് 12കാരൻ ആദിവാസി ബാലനെ ജനക്കൂട്ടം തല്ലിക്കൊന്നു

കൊൽകത്ത: ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനായ ആദിവാസി ബാലനെ ജനക്കൂട്ടം മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മേദിനിപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സബാംഗിലെ ബോറോചര ഗ്രാമത്തിലെ ലോധ ഷബർ സമുദായാംഗം സുഭ നായിക് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ചയാണ് ക്രൂരത നടന്നത്. കടയിൽനിന്നും താൻ കാണാതെ ഭക്ഷണ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നറിഞ്ഞ് ഉടമ സമീപത്തുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. കാലികൾക്ക് ഭക്ഷണ നൽകിയിരുന്ന അലുമിനിയം പാത്രം കാണാനില്ലെന്ന് പ്രദേശവാസിയും അറിയിച്ചു. ഇതോടെ ജനക്കൂട്ടം മോഷ്ടാവ് ആരെന്ന് അന്വേഷിച്ച് ഇറങ്ങി.

കടയുടെ എതിർവശത്ത് കൂരയിൽ ഇരിക്കുകയായിരുന്ന സുഭ നായിക് ആയിരിക്കും മോഷ്ടിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. ഒരു സംഘം കുട്ടിയുടെ വീട്ടിൽ ഇരച്ചുകയറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ഇതോടെ സംഘം സുഭയെ വിട്ടയക്കുകയും ചെയ്തു. എന്നാൽ, പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് മനോരഞ്ജൻ മാൾ എന്നയാൾ സ്ഥലത്തെത്തിയതോടെ സ്ഥിതി മാറി. സംശയമുള്ളവരെയെല്ലാം പിടികൂടാൻ ഇയാൾ ആളുകളെ പ്രേരിപ്പിക്കുകയായിരുന്നു. ഇതോടെ സുഭനെ വീണ്ടും പിടികൂടി മർദിക്കാൻ ആരംഭിച്ചു.

മനോരഞ്ജൻ മാൾ പന്തു തട്ടുംപോലെ കുട്ടിയെ ചവിട്ടിയതെന്ന് ദൃക്‌സാക്ഷി പറയുന്നു. ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്ന കുട്ടി മർദനത്തിനിടയിൽ വെള്ളം ചോദിച്ചെന്നും ദൃക്‌സാക്ഷി വിവരിക്കുന്നു. “ലോധകൾ കള്ളന്മാരാണ്, അവരെ ഒരു പാഠം പഠിപ്പിക്കണം” എന്ന് ആക്രോശിച്ചായിരുന്നു മർദനം.

75 പ്രത്യേക ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയ ലോധ ഷബർ സമുദായത്തിന് പട്ടികവർഗ പദവി നൽകിയിട്ടുണ്ട്. പക്ഷേ, ഇവരെ ക്രിമിനലുകളെന്ന് മുദ്രകുത്തി അപമാനിക്കുന്ന സംഭവങ്ങൾ ഇവിടെ സാധാരണമാണ്.

പിറ്റേന്ന് രാവിലെ ദേഹാമാസകലം മുറിവുകളോടെ 12കാരന്‍റെ മൃതദേഹം കണ്ടെത്തി. സംഭത്തിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവടക്കം ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. കുറ്റക്കാരെ തൂക്കിലേറ്റണമെന്ന് ആദിവാസി അധികാർ മഞ്ച് നേതാവ് ഗീത ഹൻസ്ഡ പറഞ്ഞു. പശ്ചിമ ബംഗാൾ മന്ത്രി മനസ് ഭുനിയ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ഗീത ഹൻസ്ഡ കുറ്റപ്പെടുത്തി.

Tags:    
News Summary - 12-Year-Old Traibal Boy Dies After Mob Lynching for Stealing Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.