അഹ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപേറഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വരവറിയിച്ചതിന് പിന്നാലെ കോൺഗ്രസിനെ കളിയാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
125 വർഷം പ്രായമുളള്ള കോൺഗ്രസ് പാർട്ടിയെ സൂറത്തിലെ ജനങ്ങൾ പരാജയപ്പെടുത്തി. മുഖ്യപ്രതിപക്ഷത്തിന്റെ ചുമതല അവർ ആംആദ്മി പാർട്ടിയെ ഏൽപിച്ചിരിക്കുകയാണ്. ജയിച്ച ഓരോ പാർട്ടി സ്ഥാനാർഥിയും സ്വന്തം ചുമതല ഉത്തരവാദിത്വത്തോടെയും ആത്മാർതഥയോടെയും നിർവഹിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു'-കെജ്രിവാൾ പറഞ്ഞു.
ഇതാദ്യമായി മത്സരരംഗത്തിറങ്ങിയ ആം ആദ്മി പാർട്ടി സൂറത്തിൽ നിന്ന് മാത്രം 27 സീറ്റ് നേടിയാണ് കരുത്തുകാട്ടിയത്. പ്രദേശത്ത് കോൺഗ്രസ് സംപൂജ്യരായി മാറിയിരുന്നു. പേട്ടൽ സമുദായത്തിന്റെ പട്ടീദാർ ആരക്ഷൺ സമിതി ഇക്കുറി കോൺഗ്രസിനെ ബഹിഷ്കരിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത ആം ആദ്മി സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥികളെ നിർത്തി കോൺഗ്രസിനെ തറപറ്റിക്കുകയായിരുന്നു.
2015ലെ പട്ടീദാർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർദിക് പേട്ടലിന്റെ നേതൃത്വം ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സൂറത്തിലെ ജനങ്ങൾക്ക് നന്ദിയറിയിക്കാനായി ഫെബ്രുവരി 26ന് നഗരത്തിലെത്തുമെന്ന് കെജ്രിവാൾ പറഞ്ഞു.
ആറ് മുനിസിപ്പൽ കോർപറേഷനുകളിലെ 576 സീറ്റുകളിൽ 483 എണ്ണം നേടി ആറിടത്തും ബി.ജെ.പി ഭരണം നിലനിർത്തിയിരുന്നു. 55 സീറ്റുകൾ നേടി കോൺഗ്രസ് ദയനീയ പരാജയം നുണഞ്ഞപ്പോൾ നരേന്ദ്ര മോദിയുടെ നാട്ടിൽ സാന്നിധ്യം അറിയിച്ച് അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ഏഴ് സീറ്റ് നേടി. മൂന്ന് സീറ്റുമായി ബി.എസ്.പിയും ഇത്തവണ ഗുജ്റാത്തിൽ അക്കൗണ്ട് തുറന്നു.
അഹ്മദാബാദ്, വഡോദര, ഭാവ്നഗർ, ജാം നഗർ. രാജ്കോട്ട്, സൂറത്ത് കോർപറേഷനുകളിലേക്കാണ് തെരെഞ്ഞടുപ്പു നടന്നത്. 20 വർഷമായി കോർപറേഷൻ ഭരിക്കുന്ന ബി.ജെ.പിയെ ഭരണവിരുദ്ധ വികാരം ഏശിയില്ല. അതേസമയം, കോൺഗ്രസിെൻറ പരമ്പരാഗത വോട്ടുകൾ ഇത്തവണ വിഭജിക്കപ്പെട്ടു. അഹ്മദാബാദിലും വഡോദര കോർപറേഷനുകളിലുമാണ് ബി.ജെ.പി മേധാവിത്വം തെളിയിച്ചത്. സൂറത്തിൽ എ.എ.പി കരുത്തുകാട്ടിയപ്പോൾ അഹ്മദാബാദിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഉവൈസിയുടെ പാർട്ടി വിജയം നേടിയത്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. 2015ൽ ബി.ജെ.പി 391 സീറ്റുകൾ നേടി ആറു കോർപറേഷനുകളുടെയും ഭരണം നേടിയിരുന്നു. 174 സീറ്റുകളാണ് അന്ന് കോൺഗ്രസ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.