അദാനിക്കെതിരായ യു.എസ് കുറ്റാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹരജി

ന്യൂഡൽഹി: ഗൗതം അദാനിക്കെതിരെ കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങൾക്ക് യു.എസിൽ കുറ്റപത്രം സമർപിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹരജി. ഇന്ത്യൻ കോർപ്പറേറ്റ് ഭീമ​ന്‍റെ ഓഹരികളിൽ കൃത്രിമം ആരോപിക്കുന്ന അദാനി-ഹിൻഡൻബർഗ് തർക്കത്തിലെ ഹരജികളിൽ ഇടക്കാല അപേക്ഷയായി അഭിഭാഷകനായ വിശാൽ തിവാരിയാണ് പുതിയ ഹരജി സമർപ്പിച്ചത്.

നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സൗരോർജ കരാറുകൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ (ഏകദേശം 2,200 കോടി രൂപ) കൈക്കൂലി നൽകാനുള്ള ശ്രമം നടത്തിയെന്നാണ് അദാനിക്കെതിരായ യു.എസ് നീതിന്യായ വകുപ്പി​ന്‍റെ കുറ്റപത്രം. അദാനിക്കെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നും ഇന്ത്യൻ അധികാരികൾ അന്വേഷിക്കണമെന്നും തിവാരി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വാദിച്ചു.

മാർക്കറ്റ് റെഗുലേറ്റർ ആയ സെബി അന്വേഷണങ്ങൾ പൂർത്തിയാക്കി അന്വേഷണത്തി​ന്‍റെ റിപ്പോർട്ടും നിഗമനങ്ങളും രേഖപ്പെടുത്തി സമർപ്പിക്കണം. സെബി അന്വേഷണത്തിൽ ഷോർട്ട് സെല്ലിംഗ് ആരോപണങ്ങൾ ഉണ്ടായിരുന്നതിനാൽ വിദേശ അധികാരികൾ ഉന്നയിക്കുന്ന നിലവിലെ ആരോപണങ്ങൾക്ക് അതുമായി ബന്ധമുണ്ടായേക്കാം. എന്നാൽ നിക്ഷേപകർക്ക് ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ സെബിയുടെ അന്വേഷണ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കണമെന്നും ഹരജിയിൽ പറയുന്നു.

യു.എസ് പ്രോസിക്യൂട്ടർമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കമ്പനി എല്ലാ നിയമങ്ങൾക്കും അനുസൃതമാണെന്നും അദാനി ഗ്രൂപ്പ് കുറ്റം നിഷേധിച്ചിരുന്നു. സാധ്യമായ എല്ലാ നിയമ വഴികളും തേടുമെന്നും പ്രതികരിച്ചു.

Tags:    
News Summary - Fresh plea in SC seeks probe into US indictment of Gautam Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.