മുംബൈ: ലംപി വൈറസ് ബാധിച്ച് മഹാരാഷ്ട്രയിൽ വിവിധ ജില്ലകളിലായി 126 കന്നുകാലികൾ ചത്തു. 25 ജില്ലകളിലെ കന്നുകാലികൾക്ക് വൈറസ് ബാധയുണ്ടായി. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന വൈറസ് മൃഗങ്ങളിൽ നിന്നോ അവയുടെ പാലിൽ നിന്നോ മനുഷ്യരിലേക്ക് പകരില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. കന്നുകാലികളിൽ അസുഖം പടരുന്നതിന്റെ പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രികരിച്ച് കീടനാശിനി ഉപയോഗിച്ചുള്ള പ്രതിരോധ പ്രവർത്തനം ആരംഭിക്കണമെന്നും വകുപ്പ് നിർദേശിച്ചു. ഈച്ച, കൊതുക്, ചെള്ള് തുടങ്ങിയവയിൽ നിന്നാണ് വൈറസ് പകരുന്നത്.
മരുന്നുകൾ വാങ്ങാനും ചികിത്സക്കുമായി ഓരോ ജില്ലക്കു ഒരു കോടി രൂപ വീതം ജില്ലാ അസൂത്രണ സമിതി ലഭ്യമാക്കും. കന്നുകാലികൾക്ക് വാക്‌സിനേഷൻ നൽകുന്ന മഹാരാഷ്ട്ര അനിമൽ ആൻഡ് ഫിഷറീസ് സയൻസ് യൂണിവേഴ്സിറ്റിയിലെ (എം.എ.എഫ്.എസ്.യു) ഉദ്യോഗസ്ഥർക്ക് മൂന്ന് രൂപ വീതം പാരിതോഷികം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.
എം.എ.എഫ്.എസ്.യുവിന്റെ പ്രോട്ടോകോൾ പ്രകാരമാണ് മൃഗ ഡോക്ടർമാർ കന്നുകാലികൾക്ക് ചികിത്സ ലഭ്യമാക്കേണ്ടത്. ലക്ഷണങ്ങൾ കാണുന്ന കന്നുകാലികളെ സൗജന്യ ചികിത്സക്ക് വിധേയമാക്കണമെന്ന് അധികൃതർ കർഷകരോട് നിർദേശിച്ചു. ഡോക്ടർമാർ വീടുകളിലെത്തി ചികിത്സ ലഭ്യമാക്കും.
നിലവിൽ പശുക്കളിലും കാളകളിലുമാണ് വൈറസ് പടർന്നിട്ടുള്ളത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരില്ലെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സചിന്ദ്ര പ്രതാപ് സിങ് ഐ.എ.എസ് പത്രക്കുറിപ്പിൽ വ്യക്തമാക്കു.
ജൽഗാവോൺ- 47, അഹ്മെദ്‌നഗർ -21, ധുലെ- 2, അകോല- 18, പുണെ- 14, ലത്തൂർ- 2, സതാര- 6, ബുൾതാന- 5, അമരാവതി- 7, സാംഗ്‌ലി- 1, വാഷിം- 1, ജൽന- 1, നാഗ്പുർ- 1 എന്നിങ്ങനെയാണ് വൈറസ് ബാധിച്ച് ചത്ത കന്നുകാലികളുടെ ജില്ല തിരിച്ചുള്ള ആകെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.