പുകമഞ്ഞിൽ ശ്വാസം കിട്ടാതെ ഡൽഹി: പദ്ധതികളുടെ നിർമാണം നിലച്ചു, ട്രെയിനുകൾ വൈകി

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അപകടകരമായ തോതിലേക്ക് ഉയർന്നു. നിലവിൽ വായു ഗുണനിലവാര സൂചിക 494 ആയി ഉയർന്നിരിക്കുകയാണ്. ഇത് സീസണിലെ ഏറ്റവും ഉയർന്ന നിരക്കാണ്. പൊതുമേഖലാ പദ്ധതികളുടെ നിർമാണം പൂർണമായും നിലച്ചു. പലയിടത്തും കട്ടിയുള്ള പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്.

കർശനമായ നിയന്ത്രണങ്ങൾ ഡൽഹിയിൽ നിലവിലുണ്ട്. അനുമതി വാങ്ങാതെ നിയന്ത്രണങ്ങൾ നീക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

ഡൽഹിയിൽ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നവയോ എൽ.എൻ.ജി, സി.എൻ.ജി, ഇലക്‌ട്രിക് ഇന്ധനം ഉപയോഗിക്കുന്നവയോ ഒഴികെയുള്ള ട്രക്കുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള അത്യാവശ്യമല്ലാത്ത ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളും നിരോധിച്ചിരിക്കുന്നു. അതേസമയം അന്തരീക്ഷ മലിനീകരണം കാരണം 22 ട്രെയിനുകൾ വൈകിയതായും ഒമ്പത് ട്രെയിനുകൾ പുനഃക്രമീകരിച്ചതായും റെയിൽവേ അറിയിച്ചു.

അതിനിടെ, ഡൽഹിയിലെ ആനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, ജഹാംഗീർപുരി, മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയം തുടങ്ങിയ പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക 500ൽ എത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) റിപ്പോർട്ട് ചെയ്തു. .

അതേസമയം, തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം മോശമായതായി ചൂണ്ടിക്കാട്ടി ഡൽഹി സർവകലാശാല നവംബർ 23 വരെയും ജവഹർലാൽ നെഹ്‌റു സർവകലാശാല നവംബർ 22 വരെയും ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. വായുവിന്റെ ഗുണനിലവാരം എ.ക്യു.ഐ പൂജ്യത്തിനും 50നും ഇടയിൽ ‘നല്ലത്’, 51-100 വരെ ‘തൃപ്‌തികരം’, 101- 200 ‘മിതമായത്’, 201- 300-‘മോശം’, 301- 400 ‘വളരെ മോശം’, 401- 450-‘ഗുരുതരം’, 450നു മുകളിൽ ‘അതി ഗുരുതരം’ എന്നിങ്ങനെയാണ് കണക്കാക്കപ്പെടുന്നത്. 

Tags:    
News Summary - Delhi caught in smog: Construction of projects stopped, trains delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.