ബെയ്ജിങ്: ഇന്ത്യയുടെ വടക്ക് -കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ വീണ്ടും പ്രകോപന നീക്കവുമായി ചൈന. അരുണാചലിലെ 15 സഥലങ്ങൾക്ക് സ്വന്തം രീതിയിൽ പേരിട്ടാണ് ചൈനയുടെ പുതിയ പ്രകോപനം. 2017ൽ അരുണാചലിലെ ആറ് സ്ഥലങ്ങൾക്ക് ഇതേ രീതിയിൽ പേരുകൾ നൽകി ചൈന സംഘർഷത്തിന് വഴിമരുന്നിട്ടിരുന്നു. ചൈനീസ് ചിഹ്നങ്ങൾ, തിബത്ത്, റോമൻ ലിപികൾ എന്നിവ ഉപയോഗിച്ചാണ് ഇത്തവണ 15 സ്ഥലങ്ങൾക്ക് ഭൂമിശാസ്ത്രപരമായ അടയാളങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ഇതിൽ എട്ട് വാസസ്ഥലങ്ങൾ, നാല് മലകൾ, രണ്ട് നദികൾ, ഒരു മലയോര പാത എന്നിവ ഉൾപ്പെടുന്നു. തെക്കൻ തിബത്ത് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യ അത് പൂർണമായി തള്ളുകയും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് അരുണാചൽപ്രദേശ് എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംഗ്നാൻ എന്നാണ് അരുണാചലിെൻറ ചൈനീസ് പേര്. ചൈനീസ് പൊതുകാര്യ വകുപ്പാണ് പേരിടൽ തീരുമാനമെടുത്തതെന്ന് ചൈനയിലെ ഔദ്യോഗിക ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വർഷങ്ങളായി തുടരുന്ന ദേശീയ സർവേയുടെ ഭാഗമായാണ് പുതിയ പേരുകൾ നിർദേശിക്കുന്നതെന്നും ഭാവിയിലും ഇത് തുടരുമെന്നും ബെയ്ജിങ്ങിലെ ചൈന-തിബത്ത് ഗവേഷണകേന്ദ്രത്തിലെ ലിയാങ് സിയാങ്മിനെ ഉദ്ധരിച്ചു ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി) 3,488 കി.മീറ്ററാണ് ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.