ലഖ്നോ: രണ്ടിൽ കൂടുതൽ മക്കളുള്ളവർക്കെതിരെ നിയമനിർമാണത്തിനൊരുങ്ങുന്ന യു.പിയിൽ 152 ബി.ജെ.പി എം.എൽമാർക്കും രണ്ടിലേറെ മക്കൾ!. ഇതിൽ ഒരാൾക്ക് എട്ടുമക്കളും മറ്റൊരാൾക്ക് ഏഴുമക്കളുമുണ്ട്. എട്ടുപേർക്ക് ആറുവീതമാണ് മക്കൾ. അഞ്ചുമക്കളുള്ള 15 പേരുമുണ്ട്. 44 പേർക്ക് നാലുവീതവും 83 പേർക്ക് മൂന്നുവീതവുമാണ് മക്കളുടെ എണ്ണം. ഇവരടങ്ങുന്ന ബി.ജെ.പി സർക്കാറാണ് മക്കളുടെ എണ്ണംനോക്കി കർശന നടപടി വിഭാവനം ചെയ്യുന്ന ജനസംഖ്യാ നിയന്ത്രണ ബിൽ പാസാക്കാനൊരുങ്ങുന്നത്.
ബാക്കിയുള്ള ബി.ജെ.പി അംഗങ്ങളിൽ 103 പേർക്ക് രണ്ടുമക്കളുണ്ട്. ഒറ്റക്കുട്ടിയുള്ള 34 പേരും കുട്ടികളില്ലാത്ത/കണക്ക് രേഖപ്പെടുത്താത്ത 15 പേരുമാണ് മറ്റുള്ളവർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥും സുരേഷ് ഖന്ന എം.എൽ.എയും വിവാഹം കഴിച്ചിട്ടില്ല. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങളും സർക്കാർ ജോലിയും നിഷേധിക്കുന്ന ബിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് പാർട്ടിയെ വെട്ടിലാക്കുന്ന പുതിയ കണ്ടെത്തൽ.
നിയമസഭയിലെ 403 അംഗങ്ങളിൽ 396 പേരുടെ വിവരങ്ങളാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. ഇതിൽ പകുതിയിലധികം പേർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. സമാജ്‌വാദി പാർട്ടിയുടെ 55 ശതമാനം എം.എൽ.എ മാർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. 23 എം.എൽ.എമാരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമല്ല.
നേരത്തെ, പാര്‍ലമെന്‍റില്‍ 'രണ്ടുകുട്ടി' ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയത് നാലുമക്കളുടെ അച്ഛനായ ബി.ജെ.പി എം.പിയാണെന്ന കാര്യം ഉണ്ടക്കിയ പൊല്ലാപ്പിനിടെയാണ് യു.പിയിലെ കണക്കും പുറത്തുവന്നത്. മൂന്നുപെണ്ണും ഒരാണും ഉൾപ്പെടെ നാലുമക്കളാണുള്ള ഗൊരഖ്പൂരിലെ എം.പിയായ രവി കിഷന്‍ ആണ് ജനസംഖ്യ നിയന്ത്രണത്തിനുള്ള സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ പാർലമെന്‍റിൽ അനുമതി തേടിയത്.
യു.പി സർക്കാർ ജനസംഖ്യാ നിയന്ത്രണ നിയമ നിർമാണത്തിനുള്ള കരട് ശനിയാഴ്ച പുറത്തിറക്കിയിരുന്നു. വിവാദമായ നിരവധി വ്യവസ്ഥകളാണ് യു.പി ജനസംഖ്യ (നിയന്ത്രണ, സുസ്ഥിര, ക്ഷേമ) ബിൽ 2021 എന്നപേരിലുള്ള കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികൾ മതി എന്നതാണ് പുതിയ ബില്ലിൽ അനുശാസിക്കുന്നത്. രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും ഏതെങ്കിലും സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും.
രണ്ടു കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ക്ഷേമപദ്ധതികളിൽ നിന്നെല്ലാം ഒഴിവാക്കും. സബ്സിഡികൾ ലഭിക്കില്ല. സർക്കാർ ജോലിക്ക് അപേക്ഷിക്കാനാകില്ല. സ്ഥാനക്കയറ്റം ലഭിക്കില്ല. മാതാപിതാക്കളും കുട്ടികളുമടക്കം നാലുപേരെ മാത്രമേ റേഷൻ കാർഡിൽ ഉൾപ്പെടുത്തൂ. അതേസമയം, രണ്ടുകുട്ടി നയം പിന്തുടരാൻ വന്ധ്യംകരണത്തിന് വിധേയമാകുന്നവർക്ക് ആനുകൂല്യമുണ്ടാകും. ഒരു കുട്ടി മതിയെന്ന് തീരുമാനിച്ച് വന്ധ്യംകരണം നടത്തിയാൽ സൗജന്യ ചികിത്സാ സൗകര്യവും കുട്ടിക്ക് 20 വയസ്സുവരെ ഇൻഷുറൻസും ഉണ്ടാകും.
ബില്ലിനെതിരെ വി.എച്ച്.പി രംഗത്തെത്തിയിരുന്നു. പുതിയ ബില്ല് ഹിന്ദുക്കളെ ദോഷകരമായി ബാധിക്കുമെന്ന് വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്‍റ് അലോക് കുമാര്‍ ആരോപിച്ചു. പുതിയ നിയമം കുട്ടികളില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്നതിനു പുറമെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അസമത്വത്തിന് കാരണമാവുമെന്നും നിയമ കമ്മീഷന് എഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.