പട്ന: 16കാരനെ ജുവനൈൽ ഹോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിെല ഭോജ്പൂർ ജില്ലയിലെ ജുവനൈൽ ഹോമിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ആൺകുട്ടിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കുട്ടി മരിച്ച തക്കത്തിന് 10 അന്തേവാസികൾ രക്ഷപെട്ടതായി സൂപ്രണ്ട് അറിയിച്ചു. എന്നാൽ കൗമാരക്കാരന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.
കസ്റ്റഡി മരണത്തിൽ ഭോജ്പൂർ ജില്ല മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ അന്വേഷണം പ്രഖ്യാപിച്ചു. ബക്‌സർ ജില്ലയിലെ ടൗൺ പൊലീസ് സ്റ്റേഷന്പരിധിയിലാണ് മരിച്ച കുട്ടിയുടെ വീട്. ഒക്ടോബർ ആറിനാണ് ടൗൺ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ധൻപുരയിലുള്ള ജുവനൈൽ ഹോമിലേക്ക് കുട്ടിയെ കൊണ്ടുവന്നത്.
'രാത്രി 7.30 ഓടെ അത്താഴത്തിന് മുമ്പായി അന്തേവാസികളുടെ എണ്ണം എടുത്തു. എല്ലാ അന്തേവാസികളും അത്താഴത്തിന് മെസ്സിലെത്തി. അത്താഴം കഴിച്ചതിനുശേഷം കുട്ടി ഒന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് പൂട്ടി തൂവാല ഉപയോഗിച്ച് തൂങ്ങിമരിച്ചു' -ഭോജ്പൂർ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അസിസ്റ്റന്‍റ് ഡയരക്ടർ ബിനോദ് കുമാർ ഠാക്കൂർ പറഞ്ഞു. മരിച്ച കുട്ടി മുമ്പ് ഫിനോയിൽ കുടിച്ച് ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി ഠാക്കൂർ കൂട്ടിച്ചേർത്തു.
രക്ഷപെട്ട കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാനായി തെരച്ചിൽ ശക്തമാക്കിയതായും ഠാക്കൂർ പറഞ്ഞു.
കാമുകിയുടെ കൂടെ ഡൽഹിയിലേക്ക് ഒളിച്ചോടിയതായിരുന്ന കൗമാരക്കാരനെ ബന്ധുക്കൾ പിടികുടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളാണ് പരാതി നൽകിയത്. സേഹോദരന്റെ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകൾ ഉണ്ടായിരുന്നതായി സഹോദരൻ പറഞ്ഞു. ബക്‌സർ പൊലീസിന്‍റെ അനാസ്ഥ കാരണമാണ് തന്‍റെ മകന്‍റെ ജീവൻ നഷ്ടമാകാൻ കാരണമെന്ന് കൗമാരക്കാരന്‍റെ അമ്മ ആരോപിച്ചു. ഒളിച്ചോട്ട കേസ് അവർ സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കിൽ വിധി ഇതാകുമായിരുന്നില്ലെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.