അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 89 സീറ്റുകളിൽ മത്സരിക്കുന്ന 788 സ്ഥാനാർഥികളിൽ 167 പേർ ക്രിമിനൽ കേസ് പ്രതികൾ. 100 പേർക്കെതിരെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റങ്ങളുണ്ടെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് പറയുന്നു. 25 മണ്ഡലങ്ങളിലും മൂന്നോ അതിലധികമോ സ്ഥാനാർഥികൾ ക്രിമിനൽ കേസുള്ളവരാണ്.
ആം ആദ്മി പാർട്ടി (എ.എ.പി) ആണ് ഈ പട്ടികയിൽ ഒന്നാമത്. 88 സീറ്റുകളിലും മത്സരിക്കുന്ന എ.എ.പിയുടെ 32 സ്ഥാനാർഥികളും ക്രിമിനൽ കേസുള്ളവരാണ്. 30 ശതമാനം പേരും കൊലപാതകം, ബലാത്സംഗം, ആക്രമണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസിലെ പ്രതികളാണ്. രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസിൽ ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളുടെ എണ്ണം 31 ആണ്. 89 സീറ്റുകളിലും മത്സരിക്കുന്ന കോൺഗ്രസിൽ 20 ശതമാനമാണ് ഗുരുതര കേസുള്ളവർ.
എല്ലാ സീറ്റുകളിലും മത്സരിക്കുന്ന ഭരണകക്ഷിയായ ബി.ജെ.പിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 14 സ്ഥാനാർഥികളാണുള്ളത്. 12 ശതമാനം പേർ ഗുരുതര കേസുള്ളവരാണ്. ആദ്യഘട്ടത്തിൽ 14 സീറ്റുകളിൽ മത്സരിക്കുന്ന ഭാരതീയ ട്രൈബൽ പാർട്ടി (ബി.ടി.പി) സ്ഥാനാർഥികളിൽ ക്രിമിനൽ കേസുള്ളത് നാലുപേർക്കാണ്. ഏഴു ശതമാനം സ്ഥാനാർഥികൾക്കും ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ മത്സരിച്ച 15 ശതമാനം സ്ഥാനാർഥികളും ക്രിമിനൽ കേസ് പ്രതികളായിരുന്നുവെന്നും അന്ന് എട്ട് ശതമാനം പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.