ന്യൂഡൽഹി: അഞ്ചു വർഷത്തെ പാർലമെൻറിന്റെ മുഖച്ഛായ കോറിയിട്ട് 17ാം ലോക്സഭയുടെ ആദ്യ ദിനം. കാവിരാഷ്ട്രീയത്തിെൻറ ശക്തമായ രണ്ടാമൂഴം വിളംബരം ചെയ്ത് സഭയിൽ ജയ് ശ്രീറാം വിളികൾ; മോദി, മോദി മുദ്രാവാക്യങ്ങൾ. കാവിയിൽ ചാലിച്ച അംഗങ്ങളുടെ വേഷപ്പകർച്ചപോല ും മുെമ്പന്നെത്തക്കാൾ പാർലമെൻറിലെ മാറ്റം വിളിച്ചറിയിച്ചു.
ബി.ജെ.പി വീണ്ടും കേവ ല ഭൂരിപക്ഷം നേടിയപ്പോൾതന്നെ, സ്ഥാപക നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോ ഷി, സുഷമ സ്വരാജ് തുടങ്ങിയവർ അപ്രത്യക്ഷരായ ലോക്സഭയുടെ മുൻനിര. ഒന്നും രണ്ടും കസേ രകളിൽ മാറ്റമില്ല. ആദ്യ കസേരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ടാമത്തേതിൽ ആഭ്യന്തരത്തിൽനിന്ന് പ്രതിരോധത്തിലേക്ക് മാറിയ മന്ത്രി രാജ്നാഥ് സിങ്. മൂന്നാമത്തെ കസേരയിൽ ബി.ജെ.പി അധ്യക്ഷൻകൂടിയായ ആഭ്യന്തര മന്ത്രി അമിത്ഷാ.
എതിർവശത്തെ പ്രതിപക്ഷ ബെഞ്ചുകളുടെ മുൻനിരയിൽ അനിശ്ചിതത്വവും ദൗർബല്യവുമെല്ലാം പ്രകടമായിരുന്നു. പ്രതിപക്ഷനിരയിലെ ആദ്യ കസേര െഡപ്യൂട്ടി സ്പീക്കറുടേതാണ്. സ്പീക്കറെയും െഡപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കുന്നതുവരെ ആദ്യ കസേര ഒഴിഞ്ഞുകിടക്കുക സ്വാഭാവികം. രണ്ടാമത്തെ കസേര ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ സഭാനേതാവിേൻറതാണ്. കോൺഗ്രസ് ആളെ തീരുമാനിക്കാതെ ആ കസേരയും കാലി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശത്തുനിന്ന് മടങ്ങിയെത്തിയത് ഉച്ചക്കുശേഷം. സഭ തുടങ്ങിയതു മുതൽ അത്രനേരം വരെ മൂന്നാമത്തെ കസേരയും കാലി. കോൺഗ്രസിെൻറ പാർലമെൻററി പാർട്ടി നേതാവായ സോണിയ ഗാന്ധി നാലാമത്തെ കസേരയിൽ ഇരുന്ന് കോൺഗ്രസ് എം.പിമാർക്ക് അത്യാവശ്യ നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. കോൺഗ്രസിെൻറ കഴിഞ്ഞ തവണത്തെ സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ പ്രധാന നേതാക്കളൊന്നും സഭയിലില്ല.
രാഷ്ട്രപതി സത്യപ്രതിജ്ഞ ചൊല്ലിച്ച പ്രോ ടെം സ്പീക്കർ വീരേന്ദ്രകുമാറിെൻറ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ‘മോദി, മോദി’ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാക്ഷി മഹാരാജ്, പ്രജ്്ഞ സിങ് ഠാകുർ, നിരഞ്ജൻ ജ്യോതി എന്നിങ്ങനെ ഭരണചേരിയിൽ ഇക്കുറി കാഷായമിട്ടവരുടെ എണ്ണം കൂടിയിട്ടുണ്ട്. സന്ന്യാസികളല്ലെങ്കിലും കാവി ധരിക്കുന്നവർ പുറമെ. പാർലമെൻററികാര്യത്തിെൻറ ചുമതല വഹിക്കുന്ന മന്ത്രിമാരായ അർജുൻ മേഘ്വാർ, പ്രഹ്ലാദ് ജോഷി എന്നിവരുടെ ഒാവർകോട്ടിനുതന്നെ കാവിനിറം. താമര ചിഹ്നമുള്ള ഷാളും രുദ്രാക്ഷമാലയും തൊടുകുറിയുമൊക്കെ അടയാളങ്ങൾ തീർത്തു.
ശുഷ്കമാണ് പ്രതിപക്ഷത്തെ നേതൃനിര. കോൺഗ്രസ്, കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികളിലെ തലയെടുപ്പുള്ള പലരും ഇക്കുറിയില്ല. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് മുന്നിലും മകൻ അഖിലേഷ് പിൻബെഞ്ചിലും. ആർ.ജെ.ഡി മുതൽ ആം ആദ്മി പാർട്ടി വരെ നിരവധി പ്രാദേശിക കക്ഷികൾക്ക്, സാന്നിധ്യമറിയിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇക്കുറി ലോക്സഭയിൽ.
അതിനിടയിൽ പ്രതിപക്ഷ നിരയിൽ വൈ.എസ്.ആർ കോൺഗ്രസിെൻറ പുതുമുഖങ്ങൾ ശ്രദ്ധേയ സാന്നിധ്യം. തിരിച്ചുവരവു നടത്തിയ ഡി.എം.കെയുടെ സാന്നിധ്യവും പ്രകടമാണ്. അതൊന്നും പക്ഷേ, പ്രതിപക്ഷത്തെ ശോഷിപ്പ് മറയ്ക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.