ന്യൂഡൽഹി: കോൺഗ്രസിന്‍റെ പി. ചിദംബരം, രാജീവ് ശുക്ല, ബി.ജെ.പിയുടെ സുമിത്ര വാൽമീകി, കവിത പട്ടീദാർ, മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, ആർ.ജെ.ഡിയുടെ മിസ ഭാരതി, ജയന്ത് ചൗധരി തുടങ്ങിയവർ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽനിന്ന് 41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായതോടെയാണ് എതിരില്ലാതെ വിജയിച്ചവരുടെ പേരുകൾ അതത് സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫിസർമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് (11), തമിഴ്നാട് (ആറ്), ബിഹാർ (അഞ്ച്), ആന്ധ്രപ്രദേശ് (നാല്), മധ്യപ്രദേശ് (മൂന്ന്), ഒഡിഷ (മൂന്ന്), ഛത്തിസ്ഗഢ് (രണ്ട്), പഞ്ചാബ് (രണ്ട്), തെലങ്കാന (രണ്ട്), ഝാർഖണ്ഡ് (രണ്ട്), ഉത്തരാഖണ്ഡ് (ഒന്ന്) എന്നിങ്ങനെയാണ് എതിരില്ലാതെ വിജയിച്ച സ്ഥാനാർഥികളുടെ എണ്ണം.
എതിരില്ലാതെ വിജയിച്ച 41 പേരിൽ 14 പേർ ബി.ജെ.പി അംഗങ്ങളാണ്. കോൺഗ്രസിൽനിന്നും വൈ.എസ്.ആർ കോൺഗ്രസിൽനിന്നും നാലുവീതം പേരും ഡി.എം.കെ, ബി.ജെ.ഡി എന്നിവയിൽനിന്ന് മൂന്നുപേർ വീതവും ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, ടി.ആർ.എസ്, എ.ഐ.എ.ഡി.എം.കെ എന്നിവയിൽനിന്ന് രണ്ടു പേർ വീതവും ജെ.എം.എം, ജെ.ഡി.യു, എസ്.പി, ആർ.എൽ.ഡി എന്നിവയിൽനിന്ന് ഒരോരുത്തരും എസ്.പി പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥിയായി കപിൽ സിബലും വിജയിച്ചു.
15 സംസ്ഥാനങ്ങളിൽ ജൂണിനും ആഗസ്റ്റിനുമിടയിൽ ഒഴിവുവരുന്ന 57 രാജ്യസഭ സീറ്റിലേക്ക് ജൂൺ പത്തിനാണ് തെരഞ്ഞെടുപ്പ്. ഇതിലാണ് 41 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.