ന്യൂഡൽഹി: തിഹാർ ജയിലിൽ തടവുകാരും സുരക്ഷജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ തടവുകാരനായ ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകൻ സയ്യിദ് ഷാഹിദ് യൂസുഫ് അടക്കം 18 പേർക്ക് പരിക്കേറ്റതായി ജയിൽ അധികൃതർ. ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദ്ദീെൻറ മകനാണ് ഷാഹിദ് യൂസുഫ്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്.
പതിവുപരിശോധനക്കിടെ മൂന്ന് തടവുപുള്ളികൾ തമിഴ്നാട്ടുകാരനും ഭിന്നശേഷിക്കാരനുമായ ഒാഫിസറെ മർദിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. മൂന്ന് തടവുകാർ അനധികൃതവസ്തുക്കൾ കൈവശംവെച്ചതായി കണ്ടതിനെതുടർന്ന് അത് നീക്കാൻ തമിഴ്നാട് സ്പെഷൽ ഫോഴ്സ് ഇൻസ്പെക്ടർ മധു പാണ്ഡെ ശ്രമിച്ചപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഷാഹിദ് യൂസുഫ് അടക്കമുള്ളവർക്ക് പരിക്കേറ്റത്. അക്രമസംഭവങ്ങളെതുടർന്ന് തമിഴ്നാട്സംഘത്തെ ജയിലിലെ പ്രധാന ഡ്യൂട്ടികളിൽ നിന്ന് മാറ്റിനിർത്തി.
ഡൽഹി ‘എയിംസി’ൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പരിക്കേറ്റവരെ പരിശോധിച്ചു. അക്രമത്തെ സംബന്ധിച്ച് തിഹാർ ജയിൽ അധികൃതർ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. അന്വേഷണത്തിന് ജില്ല ജഡ്ജിയുടെ റാങ്കിലുള്ള ഒാഫിസറുടെ നേതൃത്വത്തിൽ വസ്തുതാന്വേഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.