പട്ന: കോവിഡ് ബാധിച്ച് ബിഹാറിൽ മാത്രം ഇതുവരെ മരിച്ചത് 19 ഡോക്ടർമാർ. 250ലേറെ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ദേശീയ ശരാശരിയേക്കാൾ ഒമ്പതുമടങ്ങാണ് ബിഹാറിലെ ഡോക്ടർമാരുടെ കോവിഡ് മരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ദേശീയ ശരാശരി 0.5 ശതമാനവും ബിഹാറിലേത് 4.42 ശതമാനവുമാണെന്ന് ബിഹാർ ചാപ്ടർ, ഐ.എം.എ വൈസ് പ്രസിഡൻറ് ഡോ. അജയ് കുമാർ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇത് 0.15 ശതമാനവും കർണാടക 0.6 ശതമാനവും തമിഴ്നാട് 0.1 ശതമാനവും ഗുജറാത്ത് 0.9ശതമാനവും ഡൽഹി 0.3 ശതമാനവും ആന്ധ്രപ്രദേശ് 0.7 ശതമാനവുമാണ് കോവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടർമാരുടെ മരണനിരക്ക്. ബിഹാറിൽ മരിച്ച 19 ഡോക്ടർമാരിൽ ഏഴുപേരും സ്വകാര്യ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നവരാണ്.
വ്യക്തിസുരക്ഷക്കായി നൽകുന്ന സുരക്ഷ ഉപകരണങ്ങളുടെ ഗുണമേന്മ സംബന്ധിച്ച ആരോപണവും ബിഹാറിൽ ഉയർന്നു. 15 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് ശേഷം മറ്റു സംസ്ഥാനങ്ങളിലെപോലെ ബിഹാറിൽ 15ദിവസത്തെ ക്വാറൻറീൻ അനുവദിച്ചിരുന്നില്ല. മാർച്ച് മുതൽ അവധി പോലും എടുക്കാതെ മിക്ക ഡോക്ടർമാരും ജോലി ചെയ്യുകയായിരുന്നുവെന്നും മുതിർന്ന ഡോക്ടർമാരിലൊരാൾ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ 60 ശതമാനം ഒഴിവുകളും നികത്തിയിട്ടില്ലെന്നും പറയുന്നു. ബിഹാറിൽ 450 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 82,741 പോസിറ്റീവ് കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.