അഹ്മദാബാദ്: സംഘടിത വംശഹത്യ അരങ്ങേറി 19 വർഷം തികയുേമ്പാഴും ഇരകൾ നീതിയും ആശ്വാസവും തേടിയലയുന്ന ഗുജറാത്തിൽ 11.5 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗവും ജീവിക്കുന്നത് രണ്ടാംകിട പൗരന്മാരെപ്പോലെ.
ഭൂരിപക്ഷവാദം ഉയർത്തി മുന്നേറുന്ന ബി.ജെ.പി സർക്കാറിന് കീഴിൽ സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പുപോലുമില്ലെന്നതാണ് യാഥാർഥ്യം. സാമൂഹിക നീതി-ശാക്തീകരണ വകുപ്പിനാണ് ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം. പ്രത്യേക കമീഷൻ രൂപവത്കരിക്കണമെന്നും ക്ഷേമപ്രവർത്തനങ്ങൾ ചിട്ടയോടെ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ നിവേദനങ്ങൾക്ക് കണക്കില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കുന്നു.
ഗുജറാത്ത് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന് മൂന്നുവർഷത്തോളമായി നാഥനില്ല, രണ്ടു വർഷമായി ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനവും പരുങ്ങലിലാണ്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തിെൻറ അതേ മാതൃകയാണ് ഇപ്പോൾ കേന്ദ്രത്തിലും നടമാടുന്നത്.
ദേശീയ ന്യൂനപക്ഷ കമീഷന് 2020 മേയ് മുതൽ അധ്യക്ഷനില്ലെന്നും അംഗങ്ങളെല്ലാം വിരമിച്ചതായും ചൂണ്ടിക്കാട്ടി ഗുജറാത്തിലെ സന്നദ്ധ സംഘടനയായ മൈനോറിറ്റി കോഓഡിനേഷൻ കമ്മിറ്റി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ദേശീയ ഹജ്ജ് കമ്മിറ്റിക്കും കഴിഞ്ഞ ജൂൺ മുതൽ അധ്യക്ഷനില്ല.
വകുപ്പ് രൂപവത്കരണവും ഒഴിവുകൾ നികത്തി പ്രവർത്തനം ശക്തമാക്കുന്നതും ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് കമ്മിറ്റി കൺവീനർ മുജാഹിദ് നഫീസ് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ ഗുണഭോക്താക്കളാവാനും സംസ്ഥാനത്തെ ന്യൂനപക്ഷ മേഖലകൾക്ക് അവസരം ലഭിച്ചിട്ടില്ല.
ന്യൂനപക്ഷ ക്ഷേമത്തിന് അനുവദിച്ചിരിക്കുന്ന തുക തീർത്തും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിജയ് രുപാണിക്കും നിവേദനം നൽകിയിട്ടുണ്ട്.
2,17,000 കോടിയുടെ സംസ്ഥാന ബജറ്റിൽ 144.46 കോടി മാത്രമാണ് ന്യൂനപക്ഷ ക്ഷേമത്തിനായി വകയിരുത്തിയിരിക്കുന്നത്. ന്യൂനപക്ഷ മേഖലകളിൽ ഹയർെസക്കൻഡറി സ്കൂളുകൾ അനുവദിക്കുക, വർഗീയ കലാപ ഇരകൾക്ക് മാന്യമായ പുനരധിവാസവും താമസ സൗകര്യങ്ങളും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾക്കു നേരെയും സർക്കാർ കണ്ണുതുറക്കുന്നില്ല.
ശാക്തീകരണ പ്രവർത്തനങ്ങൾ അർഹിക്കുന്ന പരിഗണനയോടെ ആരംഭിക്കാത്ത പക്ഷം ന്യൂനപക്ഷങ്ങളുടെ ജീവിതം നാൾക്കുനാൾ ദുരിതപൂർണമായിത്തീരുമെന്ന് മുജാഹിദ് നഫീസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.