ശ്രീനഗർ: മുൻ കേന്ദ്രമന്ത്രിയും ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് സ്ഥാപകൻ യാസീൻ മാലികിനെ ഒക്ടോബർ 20ന് നേരിട്ട് ഹാജരാക്കാൻ ജമ്മുവിലെ പ്രത്യേക കോടതി സി.ബി.ഐക്ക് നിർദേശം നൽകി. തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന യാസീൻ മാലികിനെ വിഡിയോ കോൺഫറൻസിലൂടെയാണ് വിചാരണ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരമാണ് നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
1989ൽ മുഫ്തി മുഹമ്മദ് സഈദ് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ മകളെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ അഞ്ച് തീവ്രവാദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യാസീൻ മാലിക് ഉൾപ്പെടെ തന്നെ തട്ടിക്കൊണ്ടുപോയ നാല് പേരെ ജൂലൈ 15ന് റുബയ്യ സഈദ് തിരിച്ചറിഞ്ഞിരുന്നു. പത്തു പേരെയാണ് സി.ബി.ഐ പ്രതി ചേർത്തിട്ടുള്ളത്. 56കാരനായ യാസീൻ മാലിക് തന്നെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 22 മുതൽ പത്ത് ദിവസം നിരാഹാര സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.