ജമ്മു: ഡ്രോൺ ഉപയോഗിച്ച് ജമ്മുവിലെ സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്താനുള്ള ശ്രമം സൈന്യം തകർത്തു. രണ്ടു ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ട സൈനികർ വെടിയുതിർത്തതിനെ തുടർന്ന് ഇവ പറന്നകന്നു. ജമ്മു വ്യോമസേന താവളത്തിൽ ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച രണ്ടു ഡ്രോണുകൾ (വിദൂര നിയന്ത്രിത ആളില്ലാ പേടകം) ഉപയോഗിച്ച് ആക്രമണം നടത്തി മണിക്കൂറുകൾക്ക് പിന്നാലെയാണ് സംഭവം.
ഞായറാഴ്ച രാത്രി 11.45നും തിങ്കളാഴ്ച പുലർച്ച 2.40നുമാണ് രത്നുചക്ക്-കാലുചക്ക് സൈനിക കേന്ദ്രത്തിനു മുകളിൽ രണ്ടു ഡ്രോണുകൾ എത്തിയത്. ഡ്രോണുകൾ വീഴ്ത്താൻ സൈനികർ ഏകദേശം 24 തവണ വെടിയുതിർത്തുവെന്ന് സൈന്യത്തിെൻറ പി.ആർ.ഒ ലെഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. കനത്ത ജാഗ്രതയിലായിരുന്ന സൈന്യം ഉടൻതന്നെ പ്രദേശം വളഞ്ഞ് തെരച്ചിൽ തുടങ്ങി. 2002ൽ ഈ സൈനിക കേന്ദ്രത്തിൽ ഭീകരർ നടത്തിയ അക്രമണത്തിൽ മൂന്നുസൈനികരും 10 കുട്ടികളും ഉൾപ്പെടെ 31പേർ കൊല്ലപ്പെട്ടിരുന്നു. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന കേന്ദ്രത്തിൽ ഞായറാഴ്ച പുലർച്ച നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും കെട്ടിടത്തിെൻറ മേൽക്കുര തകരുകയുംചെയ്തിരുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് ഭീകരർ ആക്രമണം നടത്തിയത്.
അതിനിടെ, ജമ്മു വ്യോമതാവളത്തിലുണ്ടായ ഡ്രോൺ ഭീകരാക്രമണത്തിൽ വൻ സ്ഫോടക ശേഷിയുള്ള ആർ.ഡി.എക്സ് അടക്കം രാസപദാർഥങ്ങൾ ഉപയോഗിച്ചതായി പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ, ഡ്രോൺ എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡ്രോണിൽനിന്ന് സ്ഫോടക വസ്തു താഴേക്കിട്ടായിരുന്നു ആക്രമണം. സ്ഫോടക വസ്തുവിനെപ്പറ്റി നാഷനൽ സെക്യൂരിറ്റി ഗാർഡ്(എൻ.എസ്.ജി) സംഘമാണ് പഠിക്കുന്നത്.
ന്യൂഡൽഹി: ഏതു വെല്ലുവിളിക്കും അതേ പോലെ തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കിഴക്കൻ ലഡാക്കിൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് എത്തിയപ്പോഴാണ് മന്ത്രി ചൈനക്ക് പരോക്ഷ മുന്നറിയിപ്പ് നൽകിയത്. ഗൽവാനിൽ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽരാജ്യങ്ങളുമായുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും. എന്നാൽ, ഭീഷണിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാനിൽ ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിൽ 21 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് സൈനികരുടെ പൂർണ പിന്മാറ്റത്തിന് സൈനിക, നയതന്ത്രതല ചർച്ച തുടരാൻ കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന ഓൺലൈൻ യോഗത്തിൽ ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.