ന്യൂഡൽഹി: മാസങ്ങളായി മുഖ്യമന്ത്രി രോഗശയ്യയിലായ ഗോവയിൽ ഭരണം കൈവിേട്ടക്കാവുന്ന അവസ്ഥ മറികടക്കാൻ ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം. രാജിവെച്ച രണ്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി പാളയത്തിലെത്തി. നാമമാത്ര ഭൂരിപക്ഷത്തിെൻറ ബലത്തിലാണ് ഗോവയിൽ മനോഹർ പരീകർ മന്ത്രിസഭ നിലനിൽക്കുന്നത്. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ചൊവ്വാഴ്ച കോൺഗ്രസ് എം.എൽ.എമാരായ സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്തെ എന്നിവർ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കണ്ടു. ബി.ജെ.പിയിൽചേരാൻ തീരുമാനവുമായി. ഇരുവരുടെയും രാജിക്കത്ത് ഫാക്സിൽ കിട്ടിയതായി നിയമസഭ സ്പീക്കർ പ്രമോദ് സാവന്ത് പറഞ്ഞു.
40 അംഗ ഗോവ നിയമസഭയിൽ 16 എം.എൽ.എമാരുണ്ടായിരുന്ന കോൺഗ്രസിന് അംഗബലം 14 ആയി ചുരുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവിയും നഷ്ടമായി. ബി.ജെ.പിക്കും 14 അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങൾ വീതമുള്ള ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, മൂന്ന് സ്വതന്ത്രർ, എൻ.സി.പിയുടെ ഏക അംഗം എന്നിവരുടെ പിന്തുണയിലാണ് മനോഹർ പരീകർ സർക്കാർ തുടരുന്നത്.
അമേരിക്കയിൽനിന്ന് ഗോവയിലും തുടർന്ന് ഡൽഹിയിലും ചികിത്സക്ക് വിധേയനായ മുഖ്യമന്ത്രി മനോഹർ പരീകർ ഇപ്പോൾ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ പരിചരണത്തിൽ സ്വകാര്യ വസതിയിലാണ്. മുഖ്യമന്ത്രിക്ക് ചുമതല നിർവഹിക്കാൻ വയ്യാത്ത ചുറ്റുപാടിൽ മുടന്തിനീങ്ങുകയാണ് ഗോവയിൽ ഭരണം. കോൺഗ്രസിൽനിന്ന് രണ്ട് എം.എൽ.എമാരെ രാജിവെപ്പിച്ച് ഭരണസ്ഥിരത നേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയത്. നിലവിൽ സഭയിലെ അംഗബലം 38 ആയി കുറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാൻ 20 പേരുടെ പിന്തുണ മതി. ഭരണപ്രതിസന്ധിയും സഭയിൽ വലിയ ഒറ്റക്കക്ഷിയെന്നതും ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കോൺഗ്രസ് കത്തയച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.