ന്യൂഡൽഹി: 1947ൽ ഇല്ലാതാക്കിയ രാജഭരണം ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജാവിന് കീഴിൽ ഉള്ളവന്റെയും പുറന്തള്ളപ്പെടുന്നവന്റെയും രണ്ട് ഇന്ത്യ സൃഷ്ടിക്കുകയാണ്. ഭരണഘടന സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ഇന്ത്യ ആഭ്യന്തരമായും വൈദേശികമായും ഒറ്റപ്പെടൽ നേരിടുകയുമാണ്. ഗുരുതര അപകടങ്ങൾക്കു മുന്നിലാണ് രാജ്യമെന്നും രാഹുൽ പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ലോക്സഭയിൽ തുടക്കമിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെങ്കിൽ, പുതിയ ഭരണത്തിനു മുന്നിൽ ഓരോ പ്രദേശത്തിന്റെയും അന്തഃസും ചരിത്രവും ഭാഷയും ജീവിതരീതിയും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ്. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും അസമിൽ നിന്നുമെല്ലാം നമുക്ക് പഠിക്കാനുണ്ട്. എന്നാൽ, ചരിത്രമറിയാത്ത ഭരണാധികാരികൾ രാജാവ് ചമയുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ഇന്ത്യ കാണുന്നത്. ദേശങ്ങളുടെയും ജനതകളുടെയും ശബ്ദം ഇല്ലാതാക്കാൻ നീതിപീഠത്തെയും തെരഞ്ഞെടുപ്പു കമീഷനെയും പെഗസസുമൊക്കെ ഉപയോഗിക്കുന്നു. എന്നാൽ, രാജഭരണ രീതി ഇന്ത്യയിൽ നടപ്പില്ല.
സംവാദത്തിന്റെ അവസരങ്ങൾ ഇല്ലാതായി. ജനബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞു. നീറ്റ് നടപ്പാക്കാൻ തമിഴ്നാടിനോട് ഗർജിക്കുന്നു. വിവാദ കാർഷിക നിയമം ഏറ്റുവാങ്ങാൻ പഞ്ചാബിനെ നിർബന്ധിക്കുന്നു. രാജാവിനു മാത്രമാണ് ശബ്ദം. ഒരു വർഷം മുഴുവൻ ഡൽഹിയുടെ അതിർത്തിയിൽ കർഷകർക്ക് സത്യഗ്രഹം ഇരിക്കേണ്ടി വന്നു. ആരെയും കേൾക്കാൻ രാജാവ് തയാറല്ലായിരുന്നു. ആഭ്യന്തര മന്ത്രിയെ അടുത്തകാലത്ത് കാണാൻ ചെന്ന മണിപ്പൂരി സംഘത്തിന്, അകത്തു കയറുന്നതിനു മുമ്പ് ചെരുപ്പഴിക്കണമെന്നായിരുന്നു നിർദേശം. അകത്ത് ആഭ്യന്തര മന്ത്രി ചെരിപ്പിട്ട് ഇരിക്കുന്നു. ഞാനാണ് എല്ലാം, നിങ്ങൾ ആരുമല്ലെന്ന മട്ട്. ഇത്തരം മേധാവിത്ത മനോഭാവങ്ങളാണ് ഇന്ന് ഭരണത്തിൽ.
ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് ഇന്ത്യയുടെ അടിത്തറ ദുർബലപ്പെടുത്തി. റിപ്പബ്ലിക് ദിനത്തിൽ നമുക്ക് അതിഥികൾ ഇല്ലാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടിരിക്കുന്നു. ഇന്ത്യക്കെതിരെ വ്യക്തമായ പദ്ധതിയുമായാണ് ചൈന മുന്നോട്ടു നീങ്ങുന്നത്. ചൈനയെയും പാകിസ്താനേയും ഒന്നിപ്പിച്ചതാണ് മോദിസർക്കാറിന്റെ വിദേശനയത്തിലെ ഏറ്റവും വലിയ പാതകം. ജമ്മു-കശ്മീർ തന്ത്രത്തിലും വിദേശനയത്തിലും സർക്കാർ വലിയ വീഴ്ചവരുത്തിയെന്ന് രാഹുൽ പറഞ്ഞു. സംവാദത്തിലൂടെയും അനുനയത്തിലൂടെയും മാത്രമേ ഇന്ത്യ ഭരിക്കാനാവൂ. അശോകനെയും മൗര്യയേയും പഠിക്കുക. തന്റെ വലിയ മുത്തച്ഛൻ 15 വർഷം ജയിലിൽ കിടന്നു. മുത്തശ്ശിക്ക് 32 തവണ വെടിയേറ്റു. പിതാവ് കഷണങ്ങളായി പൊട്ടിത്തെറിച്ചു. അതുകൊണ്ട് എന്താണ് പറയുന്നതെന്ന് തനിക്ക് ബോധ്യമുണ്ട്. വളരെ അപകടകരമായ കളിയാണ് നിങ്ങൾ നടത്തുന്നത്. അത് അവസാനിപ്പിക്കണമെന്ന് ഉപദേശിക്കുകയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുക. പ്രശ്നങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.