അസമിൽ ഖനിയിൽ കുടുങ്ങിയ മൂന്നു തൊഴിലാളികൾ മരിച്ചു; ആറുപേരെ രക്ഷിക്കാൻ ശ്രമം

ഗുവാഹത്തി: അസമിൽ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറി കുടുങ്ങിപോയ ഒമ്പതു തൊഴിലാളികളിൽ മൂന്നുപേർ മരിച്ചതായി വിവരം. ബാക്കി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിൽ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 26നും 57നും ഇടയിൽ പ്രായമുള്ള ഒമ്പതുപേരാണ് ഖനിയിൽ കുടുങ്ങിയത്. ഒറ്റപ്പെട്ട മലയോര പ്രദേശമായതിനാൽ തന്നെ രക്ഷാപ്രവർത്തനം പൂർണതോതിലാകാൻ ഏറെ വൈകിയതാണ് തിരിച്ചടിയായത്. മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്.

എസ്.ഡി.ആര്‍.ഫ്, എന്‍.ഡി.ആര്‍.ഫ് സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അറിയിച്ചിരുന്നു. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഇവിടെ തൊഴിലാളികൾ ഖനനം നടത്തുന്നത്. ‘റാറ്റ് ഹോള്‍ മൈനിങ്’ എന്ന പേരിലറിയപ്പെടുന്ന ഈ ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്.

ഖനിക്കുള്ളിൽ മൂന്നു മൃതദേഹങ്ങൾ കാണുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ പുറത്തെടുക്കാനായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുഴിയുടെ ആഴവും വെള്ളം നിറഞ്ഞതുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതെന്ന് എൻ.ഡി.ആർ.എഫ് ഓപറേഷൻ കമാൻഡ് കുൽദീപ് ശർമ പറഞ്ഞു. അസ്സം-മേഘാലയ അതിർത്തിയോട് ചേർന്നാണ് അപകടം നടന്ന സ്ഥലം. 2018ൽ മേഘാലയയിലെ ജയ്ന്തിയ മലകളിലെ ഖനിയിലുണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.

Tags:    
News Summary - At least 3 men trapped in Assam mine dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.