ഇന്ത്യാ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാർ’ എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ്

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള ഇന്ത്യാ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാർ’ എന്നാക്കണമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ന്യൂനപക്ഷ മോർച്ച ചെയർമാൻ ജമാൽ സിദ്ദീഖി കത്തയച്ചു.

ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയത വളർത്തുന്നതിനും ഇന്ത്യാ ഗേറ്റിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ‘താങ്കളുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യൻ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെയും ഇന്ത്യൻ സംസ്‌കാരത്തോടുള്ള അർപ്പണബോധത്തിന്റെയും വികാരം വളർന്നു. മുഗൾ ആക്രമണകാരികളും കൊള്ളക്കാരായ ബ്രിട്ടീഷുകാരും ഏൽപ്പിച്ച മുറിവുകൾ ഉണങ്ങുകയും നിങ്ങളുടെ ഭരണകാലത്ത് അടിമത്തത്തിന്റെ മുറിവുകൾ കഴുകുകയും ചെയ്ത രീതി ഇന്ത്യയെ മുഴുവൻ സന്തോഷിപ്പിക്കുന്നു’ -കത്തിൽ പറയുന്നു.

ഔറംഗസേബിന്റെ പേരിലുള്ള റോഡിന് എ.പി.ജെ കലാം റോഡ് എന്ന് പുനർനാമകരണം ചെയ്തു, ഇന്ത്യാ ഗേറ്റിൽ നിന്ന് ജോർജ് അഞ്ചാമൻ രാജാവിന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു, രാജ്പഥിനെ കർത്തവ്യ പാത എന്ന് പുനർനാമകരണം ചെയ്ത് ഇന്ത്യയുടെ സംസ്‌കാരത്തെ ബന്ധിപ്പിച്ചു. അതുപോലെ, ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന് വിനീതമായി അഭ്യർഥിക്കുന്നതായും ജമാൽ സിദ്ദീഖി ആവശ്യപ്പെട്ടു.

സ്ഥലങ്ങളുടെയും സ്മാരകങ്ങളുടെയും പേരുകൾ മാറ്റുന്നത് കൊളോണിയൽ ഭരണത്തിന്‍റെ അടയാളങ്ങൾ ഇല്ലാതാക്കുന്നതിന്‍റെയും ഇന്ത്യൻ സംസ്കാരത്തെ വാഴ്ത്തുന്നതിന്‍റെയും ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ഗേറ്റ് ഒരു ഐതിഹാസിക സ്മാരകം മാത്രമല്ല, രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെയും ചരിത്രത്തിന്‍റെയും പ്രതീകമാണ്. ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാത ദ്വാർ എന്നാക്കുന്നതിലൂടെ ആഗോളതലത്തിൽ ഭാരതത്തിന്‍റെ പ്രതിച്ഛായ വർധിക്കുമെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - Rename India Gate to Bharat Mata Dwar: BJP minority morcha to PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.