‘നിയമവിരുദ്ധത’ ആരോപിച്ച് ദീർഘ നാളുകൾ വേട്ടയാടിയതിനുശേഷം കോടതികൾ നിയമനടപടികൾ അവസാനിപ്പിക്കുന്ന അപൂർവം കേസുകളിൽ ഒന്നാണ് യു.പിയിലെ സോനു സരോജിന്റേത്. കേസെടുത്ത് ഒന്നര വർഷത്തോളം കഴിഞ്ഞ് സരോജിനെതിരെ തുടരാൻ മതിയായ കാരണങ്ങളില്ലെന്ന് പ്രാദേശിക കോടതി തീരുമാനിച്ചതിനെത്തുടർന്ന് 2024 സെപ്റ്റംബറിൽ ഇദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കി. നിസ്സാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കേസ് വിചാരണയുടെ ഘട്ടത്തിൽ എത്തുന്നതിനു മുമ്പ് തന്നെ എങ്ങനെ പൊളിഞ്ഞു എന്നതിന്റെ വിവരണമാണിത്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബി.ജെ.പി സർക്കാരുകൾ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പ്രകാരം കള്ളക്കേസുകൾ ചുമത്തപ്പെട്ട്, നിയമപോരാട്ടങ്ങളിൽ വിജയിച്ച ആളുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ പരമ്പരയിലെ ആദ്യ ലേഖനമെന്ന നിലയിൽ വെബ് പോർട്ടലായ ‘ദ വയർ’ ആണ് സരോജിന്റെ കഥ പ്രസിദ്ധീകരിച്ചത്.
ദലിതരുടെ പാസി ഉപജാതിയിൽ ജനിച്ച സരോജ്, തന്റെ ജാതി സ്വത്വമാണ് ഈ പരീക്ഷണത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് കരുതുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി സമൂഹമായ പാസികൾ ലക്നോവിനോട് ചേർന്നുള്ള അവധ് പ്രദേശങ്ങളിൽ ഒരു നീണ്ട ചരിത്ര പാരമ്പര്യവും സാംസ്കാരിക അവകാശവാദവുമുള്ളവരാണ്. റായ്ബറേലിയിലെ സരോജിന്റെ ജന്മനാടായ സലൂൺ ലക്നോവിൽനിന്ന് 110 കിലോമീറ്റർ തെക്ക് കിഴക്കുള്ള പ്രദേശമാണ്.
കടലാസിൽ സരോജ് ഒരു ഹിന്ദു ദലിത് ആണെങ്കിലും, കഴിഞ്ഞ പത്ത് വർഷമായി യേശുക്രിസ്തുവിന്റെ സന്ദേശങ്ങളാൽ സ്വാധീനിക്കപ്പെട്ടയാളാണ്. പ്രയാഗ്‌രാജിലെ സമാന ചിന്താഗതിക്കാരാണ് തുടക്കത്തിൽ സരോജിനെ ക്രിസ്തുമതത്തിലേക്ക് ക്ഷണിച്ചത്. പതിവ് യോഗങ്ങൾക്കും പ്രാർഥനാ പരിപാടികൾക്കും യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതും ആയതിനാൽ പിന്നീട് സ്വന്തം വീട്ടിൽ പ്രാർഥനായോഗങ്ങൾ നടത്താൻ സൂരജ് തീരുമാനിച്ചു.
2023 ജൂൺ 25നായിരുന്നു അത്. റായ്ബറേലിയിലെ കോദ്ര ഗ്രാമത്തിലെ തന്റെ വീടിനു പിന്നിൽ അദ്ദേഹം നിർമിച്ച ഇഷ്ടിക ഷെഡ്ഡിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് കുടുംബാംഗങ്ങളും അകന്ന ബന്ധുക്കളും അയൽ ഗ്രാമങ്ങളിൽ നിന്നുള്ളവരുമായ ക്രിസ്തുമത വിശ്വാസക്കാർ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ ഒത്തുകൂടി. 250ഓളം പേരാണ് ഉണ്ടായിരുന്നത്. അവരിൽ പലരും സ്ത്രീകളും. പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിയത്. തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തുമായും ബജ്‌റംഗ് ദളുമായും ബന്ധമുള്ള 15ഓളം പുരുഷന്മാർ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കി. കാവി സ്കാർഫ് ധരിച്ച അവരുടെ കയ്യിൽ ലാത്തിയും ദണ്ഡുകളും ഉണ്ടായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ അവർ എല്ലാവരെയും തല്ലാൻ തുടങ്ങിയെന്ന് സരോജ് പറയുന്നു.
ഇയാളുടെ സഹോദരപുത്രനെ മൂന്നുപേർ ചേർന്ന് മർദിച്ചു. സരോജിന്റെ ഭാര്യ ഇടപെടാൻ ഓടിയെത്തിയപ്പോൾ അക്രമികൾ അവളെയും മർദിച്ചു. ലാത്തി കൊണ്ട് തലയിൽ ശക്തമായി ഇടിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി സരോജ് അനധികൃത പ്രാർഥനാ യോഗങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം ക്രിമിനൽ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് ഉപയോഗിച്ച് പൊലീസ് സരോജിനെ ജയിലിലടച്ചു. ഒരു വ്യക്തി ബോധപൂർവമായ കുറ്റകൃത്യം ചെയ്യാൻ പദ്ധതിയിടുന്നതായി കരുതുന്ന പക്ഷം വാറണ്ടോ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ ഈ വകുപ്പ് പൊലീസിന് അധികാരം നൽകുന്നു.
2020ൽ യോഗി ആദിത്യനാഥ് സർക്കാർ ഓർഡിനൻസിന്റെ രൂപത്തിൽ കൊണ്ടുവന്ന കർശനമായ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ 3, 5 (1) വകുപ്പുകൾ പ്രകാരം സരോജിനെതിരെ സലൂൺ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വി.എച്ച്.പി മെംബറായ സഞ്ജയ് കുമാർ തിവാരിയുടെ പരാതിയിലാണ് കേസെടുത്തത്. വശീകരണവും വഞ്ചനയും ഉപയോഗിച്ച് പാവപ്പെട്ട ഹിന്ദുക്കളെ നിയമവിരുദ്ധമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സരോജ് ‘ചങ്ങാത്ത സദസ്സുകളും’ പ്രത്യേക ‘രോഗശാന്തി യോഗങ്ങളും’ നടത്തിയെന്ന് എഫ്.ഐ.ആർ ആരോപിച്ചു.
അവ്യക്തമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരായ എഫ്.ഐ.ആർ എന്നും നിയമവിരുദ്ധമായ മതപരിവർത്തനത്തിനിരയാക്കിയ ഏതെങ്കിലും പ്രത്യേക സംഭവമോ ഇരയുടെ പേരോ കേസ് നൽകിയ തിവാരി പരാമർശിച്ചിട്ടില്ലെന്നും സൂരജ് പറഞ്ഞു. താനൊരു മതപരിവർത്തനക്കാരനല്ലെന്നും ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യാൻ തനിക്ക് അധികാരമില്ലെന്നും സരോജ് കോടതിയെ അറിയിച്ചു. ‘എനിക്ക് ആരോടും ശത്രുതയോ സംഘർഷമോ ഉണ്ടായിരുന്നില്ല. പക്ഷെ, അതിനും എന്റെ ജാതി കാരണമായി എന്ന് ഞാൻ ഊഹിക്കുന്നു’ -അദ്ദേഹം പറയുന്നു.
സി.ആർ.പി.സി 227-ാം വകുപ്പ് പ്രകാരം സരോജ് ഒരു ഡിസ്ചാർജ് അപേക്ഷ സമർപിച്ചു. ഇത് ക്രിമിനൽ നടപടികൾക്ക് മതിയായ കാരണമില്ലെന്ന് കോടതി കരുതുന്നുവെങ്കിൽ ഒരു പ്രതിയെ വെറുതെ വിടാനുള്ള അധികാരം ജഡ്ജിക്ക് നൽകുന്നു. 2024 സെപ്തംബർ 21ന് കേസിന്റെ മെറിറ്റിനെക്കുറിച്ചുള്ള വിശദമായ ചർച്ചക്കു ശേഷം റായ്ബറേലി അഡീഷനൽ സെഷൻസ് ജഡ്ജി അമിത് കുമാർ പാണ്ഡെ സരോജിന്റെ ഡിസ്ചാർജ് അപേക്ഷ അംഗീകരിച്ചു. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് സരോജിനെതിരെ നടപടിയെടുക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് ജഡ്ജി പറഞ്ഞു.
കേസിൽ ബജ്‌റംഗ്ദളുമായി ബന്ധമുള്ളവരടക്കം അര ഡസനിലധികം സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ക്രസ്ത്യൻ വിശ്വാസത്തെ പ്രചരിപ്പിക്കുന്നതിന് സരോജ് ‘ചങ്ങാത്ത സഭകൾ’ നടത്തിയിരുന്നതായി ഒരേ സ്വരത്തിൽ അവർ സാക്ഷ്യപ്പെടുത്തി.
എന്നാൽ, അത്തരത്തിൽ പീഡിപ്പിക്കപ്പെട്ടതോ വഞ്ചിക്കപ്പെട്ടതോ ആയ ഒരാളുടെപോലും മൊഴി രേഖപ്പെടുത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടുവെന്നും സാക്ഷിമൊഴികൾക്ക് ഒരു വിശ്വാസ്യതയും ഇല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി സരോജിനെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ ‘നിയമവിരുദ്ധമായ രേഖ’യാണെന്ന് ജഡ്ജി പാണ്ഡെ നിരീക്ഷിച്ചു. സംഭവത്തിൽ പരാതി നൽകാൻ തിവാരിക്ക് അവകാശമില്ലെന്നും സരോജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് അവകാശമില്ലെന്നും ജഡ്ജി പറഞ്ഞു.
മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നശേഷം നിരവധി വ്യാജ കേസുകൾ ആണ് യു.പി സ്റ്റേഷനുകളിൽ ഉടനീളം രജിസ്റ്റർ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2020 നവംബർ മുതൽ 2024 ജൂലൈ 31 വരെ നിയമവിരുദ്ധമായ മതപരിവർത്തനം ആരോപിച്ച് പൊലീസ് 835ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 1,682 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ നാലു കേസുകളിൽ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു സ്ത്രീകളും മുസ്‍ലിം പുരുഷന്മാരും തമ്മിലുള്ള പ്രണയ ബന്ധങ്ങളും വിവാഹങ്ങളും ക്രിമിനൽ കുറ്റമാക്കുകയും മുസ്‍ലിം പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യം വെക്കുകയും ചെയ്യുക എന്ന സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ് നല്ലൊരു ശതമാനം കേസുകളുമെന്ന് ‘ദ വയർ’ ചൂണ്ടിക്കാട്ടുന്നു.
കാവി പാർട്ടിയും മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതും ‘ലവ് ജിഹാദ്’ എന്ന് വക്രമായി വിശേഷിപ്പിക്കുന്ന ‘ഗൂഢാലോചന സിദ്ധാന്തം’ നിയമപരമായി നിർവചിക്കപ്പെടാത്തതും തിരിച്ചറിയപ്പെടാത്തതുമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും പ്രതിപക്ഷവും അഭിഭാഷകരും ആരോപിക്കുന്നു. അതുപോലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നാരോപിച്ച് ദലിത്, ഗോത്ര, പിന്നാക്ക ജാതി വിഭാഗങ്ങളിൽ നിന്നുള്ളവർക്കെതിരെ നിയമം ആസൂത്രിതമായും വ്യാപകമായും ഉപയോഗിച്ചു. ബ്രാഹ്മണ ഹിന്ദുത്വത്തിൽ നിന്ന് വ്യതിചലിക്കുന്നവരെ ദ്രോഹിക്കാൻ സർക്കാർ നിയമപ്രകാരം കള്ളക്കേസുകൾ ചുമത്തുകയാണെണെന്നും അവർ പറയുന്നു.
സരോജിന്റെ പോരാട്ടത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു മതപരിവർത്തന വിരുദ്ധ കേസ്. അദ്ദേഹവും കുടുംബവും വലതുപക്ഷ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ട ശേഷം അവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഏറെ പാടുപെട്ടു. ഒടുവിൽ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് പ്രാദേശിക കോടതിയെ സമീപിക്കേണ്ടി വന്നു. 2024 ഫെബ്രുവരിയിൽ ഏഴു പേർക്കും അജ്ഞാതരായ 10 പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൊലപാതകശ്രമം, ആക്രമണം, മത സമ്മേളനങ്ങൾ ശല്യപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണങ്ങളിൽ നിന്ന് മോചിതനായെങ്കിലും ഈ കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സരോജ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.