മുംബൈ: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ബിഷ്‌ണോയി സംഘം 17 ലക്ഷം രൂപ കൊലയാളികൾക്ക് നൽകിയതായി കുറ്റപത്രം. 85 ദിവസത്തെ അന്വേഷണത്തിനൊടുവിൽ 4,590 പേജുള്ള കുറ്റപത്രം മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക മക്കോക്ക കോടതിയിൽ സമർപ്പിച്ചു. അറസ്റ്റിലായ 26 പ്രതികളുടെയും ഒളിവിൽ കഴിയുന്ന ശുഭം ലോങ്കർ, സീഷൻ അക്തർ, അൻമോൽ ബിഷ്‌ണോയ് എന്നീ മൂന്ന് പ്രതികളുടെയും പേരുകളാണ് കുറ്റപത്രത്തിലുള്ളത്.
സിദ്ദിഖിയുടെ കൊലപാതകം നടപ്പാക്കാൻ 17 ലക്ഷം രൂപക്ക് വാടകകൊലയാളികൾക്ക് കരാർ നൽകിയതായും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് തുക കൈമാറിയതായും കുറ്റപത്രത്തിൽ പറയുന്നു.
ആക്രമണത്തിന് ഉത്തരവിട്ട സൂത്രധാരൻ അൻമോൽ ബിഷ്‌ണോയിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബോളിവുഡ് താരം സൽമാൻ ഖാനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള സിദ്ദിഖിയുടെ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു. മുംബൈ അധോലോകത്തിൽ ആധിപത്യം സ്ഥാപിക്കാനും സിനിമാ വ്യവസായത്തിലും ബിൽഡർ ലോബിയിലും ഭീകരത സൃഷ്ടിക്കാനുമാണ് ബിഷ്‌ണോയി സംഘത്തിന്റെ ശ്രമമമെന്നും കുറ്റപത്രത്തിലുണ്ട്.
2024 ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വസതിയിൽ വെടിവെപ്പ് നടന്നതിന് തൊട്ടുപിന്നാലെയാണ് സിദ്ദിഖിയെ കൊല്ലാനുള്ള ഗൂഢാലോചന ആരംഭിച്ചത്. തുടക്കത്തിൽ, സൽമാൻ ഖാനെ വധിക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെങ്കിലും കനത്ത സുരക്ഷ കാരണം ലക്ഷ്യം സിദ്ദിഖിയിലേക്ക് മാറ്റുകയായിരുന്നു.
180 സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തിലുള്ളത്. അഞ്ച് ആയുധങ്ങൾ, 84 വെടിയുണ്ടകൾ, 35 മൊബൈൽ ഫോണുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ എന്നിവ പിടിച്ചെടുത്തതിന്റെ വിശദാംശങ്ങളും കുറ്റപത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.