ന്യൂഡൽഹി: ലണ്ടനിൽ നടന്ന ലേലത്തിൽ ഇന്ത്യൻ നൂറ് രൂപ വിറ്റ് പോയത് 56 ലക്ഷം രൂപക്ക്. 1950-കളിൽ ഇന്ത്യ പുറത്തിറക്കിയ ‘ഹജ്ജ് നോട്ട്’എന്ന സീരീസിൽപ്പെടുന്ന നൂറ് രൂപക്കാണ് 56 ലക്ഷം (56,49,650) രൂപ ലഭിച്ചത്. തീർത്ഥാടനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി 20-ാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ആർ.ബി.ഐ അവതരിപ്പിച്ചതാണ് ഇവ. സാധാരണ ഇന്ത്യൻ കറൻസി ഉപയോഗിച്ച് അനധികൃതമായി സ്വർണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ പ്രധാന ലക്ഷ്യം.
‘HA’ സീരീസിലാണ് നോട്ടുകളുടെ നമ്പർ ആരംഭിച്ചിരുന്നത്. അന്നത്തെ കാലത്തെ ഇന്ത്യൻ നോട്ടുകൾക്ക് പൊതുവെ ഇല്ലാതിരുന്ന ഒരു പ്രത്യേക നിറമായിരുന്നു ഹജ്ജ് നോട്ടിന് നൽകിയിരുന്നത്. 1961-ൽ കുവൈത്ത് സ്വന്തം കറൻസി അവതരിപ്പിച്ചതിന് പിന്നാലെ മറ്റ് ഗൾഫ് രാജ്യങ്ങളും അവരുടെ കറൻസികൾ അവതരിപ്പിച്ചു. ഇതോടെ ഈ നോട്ടുകളുടെ ആവശ്യം ക്രമേണ കുറഞ്ഞു. 1970-കളോടെ ഹജ്ജ് നോട്ടുകൾ വിതരണം ചെയ്യുന്നത് പൂർണ്ണമായും നിർത്തലാക്കി.
ഇന്ത്യ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയിൽ ഇതുപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. സൗദി അറേബ്യയിൽ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്. ഇന്ന് ഈ നോട്ടുകൾ കണ്ടുകിട്ടാൻ പോലും പ്രയാസമായ സാഹചര്യത്തിലാണ് ഇതിന്റെ മൂല്യം വർധിക്കുന്നത്. നിലവിൽ കറൻസികൾ ശേഖരിക്കുന്നവരുടെ കൈയിൽ അപൂർവമായാണ് ഈ നോട്ട് കാണാൻ കഴിയുക.
വലിയ വില നൽകിയാൽ മാത്രം സ്വന്തമാക്കാവുന്ന ഈ നോട്ടുകൾ ആരാണ് വാങ്ങിയതെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ലണ്ടനിൽ നടന്ന മറ്റൊരു ലേലത്തിൽ രണ്ട് 10 രൂപാ നോട്ടുകൾക്ക് 6.90 ലക്ഷം രൂപ, 5.80 ലക്ഷം രൂപ എന്നിങ്ങനെ ലഭിച്ചിരുന്നു. നോട്ടുകളുടെ കാലപ്പഴക്കവും വിരളതയുമാണ് അവയുടെ മൂല്യം വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.