ശ്രീനഗർ: പൊതു സുരക്ഷ നിയമപ്രകാരം ജമ്മു കശ്മീരിൽ രണ്ട് മാധ്യമപ്രവർത്തകർ തടവിലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്ക് ജമ്മു കശ്മീരിൽ വിലക്കുണ്ടോ എന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ദോഷകരമായ തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന് റായ് പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മുവിൽ ഇന്‍റർനെറ്റ് ലഭ്യത താൽകാലികമായി ഇല്ലാതെയാക്കിയിരുന്നു. ഇതും രാജ്യസഭയിൽ ഉന്നയിക്കപ്പെട്ടു. 2019ൽ ജമ്മു കശ്മീരിൽ ഭരണഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവന്നതിനെ തുടർന്ന് ഇന്‍റർനെറ്റ് സൗകര്യത്തിൽ കുറവ് വരുത്തിയെങ്കിലും ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ലെന്നും റായ് വ്യക്തമാക്കി.
ക്രമസമാധാനം നിലനിർത്തുന്നതിനായി പൊതു സുരക്ഷ നിയമപ്രകാരമായിരുന്നു അന്ന് വിലക്കുകൾ കൊണ്ടുവന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്‍റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്- അദ്ദേഹം അറിയിച്ചു.
ജമ്മുവിൽ പൊതു സുരക്ഷ നിയമ പ്രകാരം രണ്ട് വർഷം വരെ ഒരാളെ തടവിലാക്കാവുന്നതാണ്. ക്രമിനൽ കുറ്റങ്ങൾ രേഖപ്പെടുത്താതെ, വിചാരണ നടത്താതെ ജാമ്യം നിഷേധിക്കപ്പെട്ട് ഇത്തരത്തിൽ നിരവധി മാധ്യമപ്രവർത്തകരെ ജമ്മുവിൽ തടങ്കലിലാക്കപ്പെട്ടതായി രേഖകൾ സൂചിപ്പിക്കുന്നു.
ഓരോ തവണ പത്രത്തിൽ ഒരു പുതിയ വാർത്ത നൽകുമ്പോഴും അടുത്ത ദിവസം ജയിലാകുമോയെന്ന സംശയമാണ് മനസ്സിലെന്നും പ്രാദേശിക മാധ്യങ്ങൾക്ക് അത്ര വിലക്കുണ്ട് ജമ്മുവിലെന്നും ദി കശ്മീർ വാലയിലെ മാധ്യമപ്രവർത്തകനായ യശ്രാജ് ശർമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.