ന്യൂഡൽഹി: അന്തർവാഹിനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് നാവികസേനയിൽനിന്ന് വിരമിച്ച രണ്ട് ഓഫിസർമാരും പദവി വഹിക്കുന്ന രണ്ട് കമാൻഡർമാരും അടക്കം ആറു പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം. അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് കുറ്റപത്രം.
ഇന്ത്യയുടെ കിലോ ക്ലാസ് അന്തർവാഹിനിയുമായി ബന്ധപ്പെട്ട രഹസ്യ വാണിജ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരായ കുറ്റം. നാവികസേനയിൽനിന്ന് വിരമിച്ച ഓഫിസർമാരായ രൺദീപ്സിങ്, എസ്.ജെ സിങ് എന്നിവരെ കഴിഞ്ഞ സെപ്തംബർ മൂന്നിന് സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് കുറ്റപത്രം. റിട്ട. കമഡോർ രൺദീപ്സിങ്ങിെൻറ പക്കൽനിന്ന് റെയ്ഡ് നടത്തി രണ്ടു കോടിയോളം രൂപ കണ്ടെടുത്തിരുന്നു.
അന്വേഷണത്തെ തുടർന്ന് പശ്ചിമ നാവിക കേന്ദ്രത്തിലെ അന്നത്തെ കമാൻഡർ അജിത്കുമാർ പാെണ്ഡയെ സി.ബി.ഐ അറസ്റ്റു ചെയ്തു. പാെണ്ഡക്കു കീഴിൽ പ്രവർത്തിച്ചുവന്ന മറ്റൊരു കമാൻഡറും അറസ്റ്റിലായി. വിദേശ കമ്പനികൾക്കു വേണ്ടി പ്രവർത്തിച്ചു വന്ന മുൻ നാവിക ഓഫിസർമാർക്ക് അന്തർവാഹിനി സംബന്ധിച്ച രഹസ്യങ്ങൾ പദവിയിലിരുന്ന ഇവർ രണ്ടുപേരും കൈമാറിയെന്ന് സി.ബി.ഐ കണ്ടെത്തി.
ഈ ചാരവൃത്തിയുമായി ബന്ധപ്പെട്ട് റിയർ അഡ്മിറൽ അടക്കം ഡസനിലേറെ പേരെ ചോദ്യം ചെയ്തിരുന്നു. ഈ വർഷമാദ്യം നേവിയിൽനിന്ന് വിരമിച്ച കമാൻഡർ എസ്.ജെ സിങ് ഇന്ത്യൻ നാവിക സേനാ പദ്ധതികളിൽ താൽപര്യമുള്ള കൊറിയൻ കമ്പനിക്കു വേണ്ടിയാണ് പ്രവർത്തിച്ചു വന്നത്.
അറസ്റ്റിലായവരുടെ ജാമ്യ ശ്രമം തടയുന്നതിനാണ് അടിയന്തരമായി കുറ്റപത്രം സമർപ്പിച്ചത്. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി സി.ബി.ഐ വൃത്തങ്ങൾ വിശദീകരിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രഥമവിവര റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടില്ല. സി.ബി.ഐയുടെ ഉന്നതതല ഉദ്യോഗസ്ഥരാണ് അന്വേഷണ മേൽനോട്ടം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.