ബംഗളൂരു: കർണാടകയിൽ ദലിത് കുടുംബത്തിലെ രണ്ട് വയസ്സുള്ള ആൺകുഞ്ഞ് ക്ഷേത്രത്തിനുള്ളിൽ കയറിയതിന് 25,000 രൂപ പിഴ ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിൽ ശുദ്ധികലശം നടത്താനാണ് ഈ തുക ആവശ്യപ്പെട്ടത്. കൊപ്പാൾ ജില്ലയിലെ മിയാപുർ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്‍റെ കുടുംബം പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചതനുസരിച്ച് അധികൃതർ ഇടപെട്ടതോടെ ക്ഷേത്ര ഭരണസമിതി പിഴ ഒഴിവാക്കി കൊടുത്തെന്ന് 'ഇന്ത്യ ടുഡേ' റിേപ്പാർട്ട് ചെയ്യുന്നു.
സെപ്റ്റംബർ നാലിനായിരുന്നു സംഭവം. ജന്മദിനത്തിൽ പ്രാർഥിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിന്‍റെ കുടുംബം വീടിന് മുന്നിലുള്ള ആഞ്ജനേയ ക്ഷേത്രത്തിന് മുമ്പിലെത്തിയത്. ദലിതുകൾക്ക് ഈ മേഖലയിലെ പല ക്ഷേത്രങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നതിനാൽ വെളിയിൽ നിന്നാണ് പ്രാർഥിക്കാറ്. പെട്ടന്ന് മഴ പെയ്തപ്പോൾ കുഞ്ഞ് ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു എന്ന് പിതാവ് ചന്ദ്രു പറയുന്നു.
അപ്പോൾ പൂജാരിയും മറ്റ് ക്ഷേത്ര ഭരണസമിതി ഭാരവാഹികളും എത്തി ശുദ്ധികലശം നടത്തുന്നതിന് 25,000 രൂപ പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ചന്ദ്രു ഉൾപ്പെടുന്ന ഛന്നദാസർ വിഭാഗം പ്രക്ഷോഭം നടത്തുകയും പൊലീസിലും ജില്ലാ ഭരണകൂടത്തിലും വിവരമറിയിക്കുകയുമായിരുന്നു. ഇതനുസരിച്ച് അധികൃതരെത്തി ക്ഷേത്രം അധികൃതരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. ഗ്രാമത്തിന്‍റെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി പൊലീസിൽ പരാതി നൽകുന്നതിൽ നിന്ന് ചന്ദ്രുവും കുടുംബവും പിന്മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.