ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത് രിമാർ, അതു തയാറാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാക്കളുടെ ആഹ്വാനം. പൗരത്വ ഭേദഗ തി നിയമം പിൻവലിക്കണമെന്നും ദേശീയ പൗരത്വ പട്ടിക, എൻ.പി.ആർ എന്നിവ ദേശവ്യാപകമായി നി ർത്തിവെക്കണമെന്നും ഡൽഹിയിൽ നടന്ന പ്രതിപക്ഷ നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ അടക്കം രണ്ടു ഡസനോളം മുഖ്യമന്ത്രിമാർ എൻ.ആർ.സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ആഹ്വാനം. രാജ്യവ്യാപകമായി നടക്കുന്ന പൗരത്വ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നേതൃയോഗം നടന്നത്. 20 പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ പങ്കെടുത്തപ്പോൾ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ശിവസേന, ബി.എസ്.പി, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, ടി.ഡി.പി തുടങ്ങിയവർ വിട്ടുനിന്നു.
ഭരണഘടന സംരക്ഷിക്കാൻ നടക്കുന്ന സമാധാനപരമായ എല്ലാ പൗരത്വ പ്രക്ഷോഭങ്ങൾക്കും പ്രതിപക്ഷയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൗരത്വ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സമര പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലുന്ന ചടങ്ങ് രാജ്യമെങ്ങും സംഘടിപ്പിക്കും. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് സാമുദായിക സൗഹാർദ പ്രചാരണം നടത്തും. ജയ്ഹിന്ദ് പതിവു ആശംസാ മുദ്രാവാക്യമാക്കിയ ഇന്ത്യൻ നാഷനൽ ആർമിയെ നയിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരമർപ്പിച്ച് ജന്മവാർഷിക ദിനമായ 23ന് പരിപാടികൾ സംഘടിപ്പിക്കും.
അധഃസ്ഥിതരെയും ന്യൂനപക്ഷങ്ങളെയും പ്രത്യേകമായി ഉന്നം വെക്കുന്ന ഭരണഘടനാ വിരുദ്ധ പാക്കേജാണ് പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവയെന്ന് പ്രതിപക്ഷം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ദേശീയ പൗരത്വ പട്ടികയുടെ അടിസ്ഥാനം എൻ.പി.ആർ ആണ്. വീണ്ടും അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെ അപകടകരമായ വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്. കേന്ദ്രം പൊലീസിനെ നിയന്ത്രിക്കുന്ന ഡൽഹിയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രക്ഷോഭം അടിച്ചമർത്താൻ ഭരണകൂടം അതിക്രമം നടത്തുകയാണ്.
ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ സർക്കാർ പ്രവർത്തിക്കേണ്ട സമയത്തുതന്നെയാണ് വിഭാഗീയ രാഷ്ട്രീയം. ഇന്ത്യൻ സമ്പദ്വ്യവസ്ഥ അങ്ങേയറ്റം മോശമായ നിലയിലാണ്. മാന്ദ്യസ്ഥിതി ഏറ്റവും വികലമായ രീതിയിൽ കൈകാര്യം ചെയ്ത് സർക്കാർ പൗരന്മാരുടെ ജീവനോപാധികൾ തകർത്തു. വളർച്ച നിരക്ക് കുത്തനെ ഇടിഞ്ഞു. തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും വർധിച്ചു. കർഷകരും വ്യാപാരികളും പ്രതിസന്ധിയിലാണ്. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിെൻറ വക്കിലാണ്.
സോണിയ ഗാന്ധിക്കു പുറമെ രാഹുൽ ഗാന്ധി, മൻമോഹൻസിങ്, എ.കെ. ആൻറണി, ഗുലാംനബി ആസാദ്, അഹ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ പങ്കെടുത്തത്. മറ്റു പാർട്ടികളെ പ്രതിനിധാനം ചെയ്തവർ: ശരത്പവാർ, പ്രഫുൽ പട്ടേൽ-എൻ.സി.പി, സീതാറാം യെച്ചൂരി -സി.പി.എം, ഹേമന്ത് സോറൻ -ജെ.എം.എം, മനോജ് ഝാ -ആർ.ജെ.ഡി, ഡി. രാജ-സി.പി.ഐ, ശരത് യാദവ് -ലോക്താന്ത്രിക് ജനതദൾ, പി.കെ. കുഞ്ഞാലിക്കുട്ടി -മുസ്ലിംലീഗ്, ശത്രുജിത്സിങ് -ആർ.എസ്.പി, തോമസ് ചാഴികാടൻ -കേരള കോൺഗ്രസ്, സിറാജുദ്ദീൻ അജ്മൽ -എ.ഐ.യു.ഡി.എഫ്, ജസ്റ്റിസ് ഹസ്നൈൻ മസൂദി -നാഷനൽ കോൺഫറൻസ്, മിർ മുഹമ്മദ് ഫയാസ് -പി.ഡി.പി, കുപേന്ദ്ര റെഡി -ജെ.ഡി.എസ്, അജിത്സിങ് -ആർ.എൽ.ഡി, ജിതൻറാം മാഞ്ചി -ഹിന്ദുസ്ഥാനി അവാമി മോർച്ച, ഉപേന്ദ്ര കുശ്വാഹ -ആർ.എൽ.എസ്.പി, രാജു ഷെട്ടി -സ്വാഭിമാൻ പക്ഷ, ജി. ദേവരാജൻ -ഫോർവേർഡ് ബ്ലോക്ക്, തിരുമാവളവൻ -വി.സി.കെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.