മുംബൈ: മുംബൈയിലും കൊൽക്കത്തയിലും വ്യാജ കോവിഡ് വാക്സിൻ നൽകി വൻതട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി. മുംബൈയിൽ 2000ത്തോളം പേർക്കും കൊൽക്കത്തയിൽ 500 പേർക്കുമാണ് വ്യാജ വാക്സിൻ കുത്തിവെച്ചത്. കൊൽക്കത്തയിൽ തട്ടിപ്പിന് ഇരയായവരിൽ അംഗവൈകല്യമുള്ളവരും ഉൾപ്പെടും.
ഇതുമായി ബന്ധപ്പെട്ട് മുംബൈയിൽ ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരടക്കം പത്തുപേർ അറസ്റ്റിലായി. വ്യാജ വാക്സിനേഷൻ ക്യാമ്പ് നടത്തി കോവിഡ് വാക്സിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളിൽ ഉപ്പുലായിനി ആയിരിക്കാം ഇവർ കുത്തിവെച്ചതെന്ന് മുംബൈ പൊലീസ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് 12.4 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർ മുംബൈയിൽ എട്ടിലധികം വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജോയിന്‍റ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ ഡിവിഷൻ) വിശ്വാസ് പാട്ടീൽ പറഞ്ഞു.
കൊൽക്കത്തയിൽ ഐ.എ.എസ് ഓഫിസർ എന്ന വ്യാജേന എട്ട് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച ആളെ പൊലീസ് പിടികൂടി. വ്യാജ വാക്സിൻ സ്വീകരിച്ച 500 പേരിൽ 250ഓളം പേർ അംഗവൈകല്യം സംഭവിച്ചവരും ട്രാൻസ്ജെൻഡറുകളുമാണ്. വ്യാജ കോവിഷീൽഡ് സ്റ്റിക്കർ ഒട്ടിച്ച വാക്സിൻ ബോട്ടിലുകൾ പിടിച്ചെടുത്തെന്നും കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥൻ അതിൻ ഘോഷ് പറഞ്ഞു. ബാക്റ്റീരിയൽ ഇൻഫക്ഷൻ ചികിത്സിക്കാൻ ഉപയോഗിക്കുന്ന അമികാസിൻ സൾഫേറ്റ് എന്ന ആന്‍റിബയോട്ടിക്കിന്‍റെ ബോട്ടിലിലാണ് വ്യാജ സ്റ്റിക്കർ ഒട്ടിച്ചിരുന്നത്.
നടിയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ മിമി ചക്രബർത്തിക്ക് വ്യാജ വാക്സിൻ നൽകിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേബഞ്ജൻ ദേവ് എന്ന കൊൽക്കത്ത സ്വദേശി അറസ്റ്റിലായത്. മിമി പങ്കെടുത്ത ക്യാമ്പിൽ ഏകദേശം 250 പേർക്ക് വാക്സിൻ നൽകിയിരുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ സംഘടിപ്പിക്കുന്ന ക്യാെമ്പന്ന് പറഞ്ഞാണ് എം.പിയെ ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.