ഷിംല: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ കുളു ജില്ലയിലെ കസോളിൽ കുടുങ്ങിയ രണ്ടായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ലഹൗലിൽ വഴിമുടങ്ങിയ 300 വാഹനങ്ങളും സുരക്ഷിതമായി സ്ഥലംവിട്ടെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു പറഞ്ഞു. കുളു- മനാലി റോഡ് ചൊവ്വാഴ്ച വൈകീട്ടോടെ തുറന്നിട്ടുണ്ട്. ആദ്യദിവസം 2200 വാഹനങ്ങൾ കടന്നുപോയെന്നും രണ്ടു ദിവസമായി ചിലയിടത്ത് വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ കുടുംബങ്ങളെ ബന്ധപ്പെടാൻ ചിലർക്ക് പ്രയാസമുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
കാസോൾ- ഭുണ്ടാർ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നായിരുന്നു വിനോദസഞ്ചാരികൾ കുടുങ്ങിയത്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായിവരുകയാണ്. അതേസമയം, മൊബൈൽ സേവനവും വൈദ്യുതിയും ഒരുപോലെ മുടങ്ങിയത് ശരിക്കും കുരുക്കായതായി വിനോദസഞ്ചാരികൾ പറഞ്ഞു.
കുൻസും ചുരത്തിനരികെ റോഡ് ഇപ്പോഴും നാലടി പൊക്കത്തിൽ മഞ്ഞുമൂടിയ നിലയിലാണ്. ഇവിടെ റോഡിലെ തടസ്സം നീക്കാനുള്ളശ്രമം ഊർജിതമായി നടക്കുന്നുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ തിരികെയെത്തിക്കാൻ ഹെലികോപ്ടറുകൾ ഉപയോഗിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഹിമാചലിൽ മാത്രം എൺപതോളം പേർ മരിച്ചതായി കണക്കുകൾ പറയുന്നു. 873 റോഡുകളിൽ പൂർണമായി വാഹനയാത്ര മുടങ്ങിക്കിടക്കുകയാണ്. 1193 റൂട്ടുകളിൽ ബസുകളും നിർത്തിവെച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ടംഗ ഡോക്ടർമാരുടെ സംഘത്തെ ഡൽഹിയിലേക്ക് അയക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെയും തൃശൂർ മെഡിക്കൽ കോളജ് സർജറി പ്രഫസർ ഡോ. രവീന്ദ്രനെയുമാണ് അയക്കുന്നത്. എറണാകുളം മെഡിക്കൽ കോളജിൽനിന്ന് ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 പേരും തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണ്.
ന്യൂഡൽഹി: ഹിമാചലിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡൽഹി കേരളഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചതായി സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.