മുംബൈ: 2015-ലെ മാൽവാനി വ്യാജമദ്യ ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പേർക്കുള്ള ശിക്ഷ സെഷൻസ് കോടതി മെയ് 14-ന് വിധിക്കും. വ്യാജമദ്യം കഴിച്ച് 106 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 75 പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത സംഭവത്തിൽ 14 പ്രതികളിൽ രാജു തപ്കർ (59), ഡൊണാൾഡ് പട്ടേൽ (49), ഫ്രാൻസിസ് ഡിമെല്ലോ (54), മൻസൂർ ഖാൻ (34) എന്നിവർ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി ഏപ്രിൽ 29 ന് വിധിച്ചിരുന്നു. ഈ നാല് പ്രതികൾക്കെതിരെ മാത്രമാണ് ഗൂഢാലോചന കുറ്റം തെളിഞ്ഞത്.
കൊലപാതകക്കുറ്റങ്ങളിൽ നിന്ന് കോടതി ഇവരെ വെറുതെവിട്ടെങ്കിലും കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യയ്ക്കും ബോംബെ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കും കുറ്റക്കാരാണെന്ന് കണ്ടെത്തി. തപ്കറിന് വേണ്ടി കൈനത്ത് സയ്യിദ്, ഡൊണാൾഡ് പട്ടേലിന് വേണ്ടി വഹാബ് ഖാൻ, ഫ്രാൻസിസ് ഡിമെല്ലോക്ക് വേണ്ടി നിതിൻ സെജ്പാൽ, മൻസൂർ ഖാന് വേണ്ടി ദിവാകർ റായി എന്നിവർ കുറഞ്ഞ ശിക്ഷക്കായി കോടതിയിൽ വാദിച്ചിരുന്നു. സാധാരണ ജീവിതം നയിക്കാനുള്ള അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരമാവധി ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ് ഘരതിന്‍റെ അഭ്യർത്ഥന കോടതി പുനപരിശോധിച്ച സാഹചര്യത്തിലാണ് ശിക്ഷ നൽകാൻ തീരുമാനിച്ചത്. 'വ്യക്തമായ ഉദേശത്തോടു കൂടിയാണ് അവർ അത് ചെയ്തത്. ഇത്തരമൊരു പ്രവർത്തി കഠിനവും നിന്ദ്യവുമാണ്. അത് വെച്ചുപൊറുപ്പിക്കരുതെന്നും' ഘരത് വാദിച്ചു.
മാൽവാനിയിൽ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ വിഷ മദ്യദുരന്തത്തിൽ അപകടകരമായ അളവിൽ മെഥനോൾ അടങ്ങിയിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് മുംബൈ പൊലീസ് മദ്യശാലകൾക്കെതിരെ വ്യാപകമായ പരിശോധന ആരംഭിച്ചത്. എന്നാൽ സംഭവം നടക്കുന്നതിന് മുമ്പ് തന്നെ അധികൃതർക്ക് അനധികൃത മദ്യത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് മരിച്ചവരുടെ ബന്ധുക്കൾ അവകാശപ്പെട്ടതോടെയാണ് സംഭവത്തിന്‍റെ വിശദീകരണം തേടി ആളുകൾ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.