ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായ അഴിമതി വിരുദ്ധ ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലെ സമരകാലത്ത് തയാറാക്കിയ കരടുബില്ലില്‍നിന്ന് ഭിന്നമാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ ബില്‍ സഭയില്‍ വെച്ചത്. ഡല്‍ഹിയെ അഴിമതിമുക്തമാക്കാന്‍ എല്ലാവിധ ശക്തിയുമുള്ള യഥാര്‍ഥ ബില്ലുതന്നെയാണിതെന്നും ചരിത്ര മുഹൂര്‍ത്തമാണിതെന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. അഴിമതിക്കാര്‍ക്ക് ജീവപര്യന്തവും തട്ടിപ്പുനടത്തിയ നികുതിപ്പണത്തിന്‍െറ അഞ്ചിരട്ടി പിഴയും ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബില്ലിനെ ജോക്പാല്‍ എന്നു പരിഹസിച്ച് 150ഓളം അനുയായികള്‍ക്കൊപ്പം പ്രതിഷേധവുമായി എത്തിയ ആം ആദ്മി പാര്‍ട്ടി സ്ഥാപകനേതാക്കളും ഇപ്പോഴത്തെ കടുത്ത വിമര്‍ശകരുമായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്രയാദവിനെയും നിയമസഭക്കടുത്തുവെച്ച് പൊലീസ് തടഞ്ഞു. ബില്ലില്‍ വെള്ളം ചേര്‍ത്ത കെജ്രിവാള്‍ തുറന്ന ചര്‍ച്ചക്കു തായാറാവണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
കരട് ബില്ലില്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാനാണ് വ്യവസ്ഥകളുണ്ടായിരുന്നതെങ്കില്‍ ഇക്കുറി മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളുടെ അനുമതിയും ലോക്പാലിന്‍െറ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. ഇത് കേന്ദ്രവുമായി ഏറ്റുമുട്ടലിനു വഴിവെക്കുമെന്നും ബില്ലിന് അഴിമതി നിഷേധിക്കുന്നതില്‍ കലാശിക്കുമെന്നുമാണ് യാദവിന്‍െറയും ഭൂഷന്‍െറയും വാദം. പരാതികളും ആരോപണങ്ങളുമുയര്‍ന്നാല്‍ കോടതിയും രാഷ്ട്രപതിയും തീരുമാനമെടുക്കുന്ന പഴയ വ്യവസ്ഥ മാറ്റി ഡല്‍ഹി നിയമസഭയുടെ രണ്ടിലൊന്ന് അംഗങ്ങള്‍ വോട്ടുചെയ്താല്‍ നീക്കാവുന്ന രീതി കൊണ്ടുവന്നത് ലോക്പാലിനെ ഭരണകക്ഷിയുടെ പാവയാക്കിമാറ്റുമെന്നും അവര്‍ ആരോപിക്കുന്നു.
ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കാത്തതിന്‍െറ പേരിലാണ് 2014 ഫെബ്രുവരിയില്‍ 49 ദിന കെജ്രിവാള്‍ മന്ത്രിസഭ രാജിവെച്ചൊഴിഞ്ഞത്. ഇക്കുറി കേന്ദ്രത്തിന്‍െറ അനുമതി തേടാതെയാണ് ബില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷത്തെ മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ സഭയിലുണ്ടായിരുന്നില്ല. സഭ പാസാക്കിയ ശേഷം കേന്ദ്രത്തിന്‍െറ പരിഗണനക്കയക്കുമെന്ന് സിസോദിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.