‘ഹിന്ദുത്വ അജണ്ട മുന്നോട്ട് വെക്കുന്നതിൽ പരാജയപ്പെട്ടു’; കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന കോൺഗ്രസുമായി സഖ്യമില്ലാതെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങുന്നു. 36 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പാർട്ടി നിയോഗിച്ച നിരീക്ഷകർ സമർപ്പിച്ച സർവേ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.

പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ശനിയാഴ്ച ബാന്ദ്രയിലെ അദ്ദേഹത്തിന്‍റെ വസതിയായ മാതോശ്രീയിൽ വിളിച്ച അവലോകന യോഗത്തിന്‍റെ പ്രധാന അജണ്ട റിപ്പോർട്ടിൻ മേലുള്ള ചർച്ചയായിരുന്നു. കോൺഗ്രസുമായുള്ള സഖ്യം മൂലം ഹിന്ദുത്വ അജണ്ട മുന്നോട്ട് വെക്കുന്നതിൽ സേന പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതിന്‍റെ ഫലമായി ഒരുകാലത്ത് സേനക്ക് ഉറച്ച രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന മുംബൈ നഗരം കൈവിട്ടുപോയന്നും റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം 60,000 കോടി രൂപ വാർഷിക ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമായ ബി.എം.സിയിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചയും യോഗത്തിൽ നടന്നു. ബി.എം.സിയുടെ വാർഷിക ബജറ്റ് ഇന്ത്യയിലെ ആറോ ഏഴോ ചെറിയ സംസ്ഥാനങ്ങളെക്കാൾ വലുതാണ്. 1997 മുതൽ 2022 വരെ തുടർച്ചയായി അവിഭക്ത ശിവസേനയായിരുന്നു മുംബൈ കോർപറേഷൻ ഭരിച്ചത്.

മഹാ വികാസ് അഘാഡിയിൽ (എം.വി.എ) തുടരുമ്പോൾതന്നെ ബി.എം.സി തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പാർട്ടി എം.പി സഞ്ജയ് റാവത്ത് ശനിയാഴ്ച പറഞ്ഞിരുന്നു. ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാൾ കൂടുതൽ പേർ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിനായി കാത്തിരിക്കുന്നുണ്ടെന്ന് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.

ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ബി.എം.സി തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് തുടങ്ങി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ശിവസേന അടുത്തിടെ മലബാർ ഹില്ലിലെ രാംടെക് ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ പാർട്ടി എം.എൽ.എമാരും എം.പിമാരും ബി.എം.സിയിലെ എക്‌സ്‌കോർപ്പറേറ്റർമാരും പങ്കെടുത്തു. മഹായുതിയുടെ ഭാഗമായാണ് ഷിൻഡെ സേന തെരഞ്ഞെടുപ്പിൽ മത്സരിക്കുക. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക ഘടകങ്ങളെ വിശ്വാസത്തിലെടുക്കുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നും പി.സി.സി അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.

Tags:    
News Summary - Mumbai: Uddhav Thackeray's Shiv Sena Poised To Contest BMC Elections Solo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.