ടീസ്റ്റയുടെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി നിയമയുദ്ധം നടത്തിയ  പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി ജനുവരി 31 വരെ നീട്ടി. വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന ആരോപണം സംബന്ധിച്ച ഹൈകോടതി പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച മറ്റൊരു പരാതിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു.
ടീസ്റ്റയുടെ അറസ്റ്റ് വിലക്കിയ നടപടി ജനുവരി 31 വരെ നീട്ടുകയാണെന്ന് ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, എഫ്.എം.ഐ ഖലീഫുല്ല, വി. ഗോപാല ഗൗഡ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിദേശ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍  ടീസ്റ്റക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഹൈകോടതി ഉത്തരവിലെ പരമാര്‍ശം ചോദ്യം ചെയ്താണ് പുതിയ ഹരജി സമര്‍പ്പിച്ചത്. കേസില്‍ വിചാരണ നടക്കും മുമ്പെ വിദേശ വിനിമയ ചട്ടലംഘനം നടന്നുവെന്ന് ഹൈകോടതി ഉത്തരവിലുണ്ടെന്ന് ടീസ്റ്റയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
വാദം പൂര്‍ത്തിയായി വിധിപറയാനായി മാത്രം മാറ്റിവെച്ച ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി മറ്റൊരു ബെഞ്ചിന് വിട്ടത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ച് ടീസ്റ്റയെയും ജാവേദ് ആനന്ദിനെയും അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീട്ടുകയും ചെയ്തു. ഒരു ജാമ്യാപേക്ഷ വാദത്തിന് ശേഷം രണ്ട് തവണ ബെഞ്ച് മാറ്റിയെന്നതും ടീസ്റ്റയുടെ കേസില്‍ സംഭവിച്ചു.
ടീസ്റ്റക്കും ഭര്‍ത്താവിനും ജാമ്യം നല്‍കുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തിയായിരുന്നു ഫെബ്രുവരി 19ന് സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയത്. വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങളുടെ പിന്‍ബലമില്ലാതെ ഒരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദിക്കാനാവില്ളെന്ന് സുപ്രീംകോടതി അന്ന് ഗുജറാത്ത് പൊലീസിനെ ഓര്‍മിപ്പിച്ചിരുന്നു. ടീസ്റ്റയെ അറസ്റ്റ് ചെയ്തേ അടങ്ങൂ എന്ന ഗുജറാത്ത് പൊലീസിന്‍െറ വാശി അംഗീകരിക്കാനാകില്ളെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ തക്ക ഒരു കുറ്റവും ടീസ്റ്റക്കെതിരെ ആരോപിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ളെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയതാണ്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തടയാവുന്ന ഒന്നും ഗുജറാത്ത്  പൊലീസിന്‍െറ പക്കലില്ളെന്ന് ഉപസംഹരിച്ച് സുപ്രീംകോടതി ടീസ്റ്റയുടെ ജാമ്യാപേക്ഷ വിധി പറയാനായി  മാറ്റിവെക്കുകയായിരുന്നു.
ടീസ്റ്റക്ക് ജാമ്യം നല്‍കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളത്തെിയതോടെ കേസില്‍ പുതുതായി കക്ഷിചേരാന്‍ എത്തിയ അഭിഭാഷകരുടെ വന്‍നിര തങ്ങളെ പിന്മാറാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.  കെ.കെ. വേണുഗോപാല്‍, പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദവെ, രാജീവ് ധവാന്‍, ഹുസൈഫ് അഹ്മദി, ഇന്ദിര ജയ്സിങ്, ടി.ആര്‍ അന്ത്യാര്‍ജുന എന്നിവരായിരുന്നു ടീസ്റ്റക്ക് വേണ്ടി ഹാജരായ കപില്‍ സിബലിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതിയില്‍ വാദിക്കാനത്തെിയത്. എന്നാല്‍, വിധിപറയാനായി മാറ്റിവെച്ച ജാമ്യാപേക്ഷ മറ്റൊരു വലിയ ബെഞ്ചിലേക്ക് മാറ്റിയ ഉത്തരവാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ചത്. അങ്ങനെയാണ് നിലവിലുള്ള ബെഞ്ചില്‍ കേസ് എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.