ശരീഫുമായി ഹസ്തദാനം; മോദിയെ പരിഹസിച്ച് ‘സാമ്ന’

മുംബൈ: പാരിസില്‍ യു.എന്‍ കാലാവസ്ഥ ഉച്ചകോടിക്കിടെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി ഹസ്തദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. മോദിക്ക് ‘അപാരമായ സഹിഷ്ണുത’യാണെന്ന് കളിയാക്കുന്നതാണ് ബുധനാഴ്ച ഇറങ്ങിയ സാമ്നയുടെ മുഖപ്രസംഗം. അവര്‍ നമുക്കുനേരെ കൈ ഉയര്‍ത്തിയാലും നമ്മളുടെ കൈ ചുരുട്ടിവെക്കണം. അതാണു നമ്മുടെ സഹിഷ്ണുത. എന്നാല്‍, ശരീഫിന് കൈകൊടുത്ത് ‘അപാരമായ’ സഹിഷ്ണുതയാണ് മോദി കാട്ടിത്തന്നത്.

അസഹിഷ്ണുതയുണ്ടെന്ന നാട്യത്തില്‍ ഇനിയാരും രാജ്യംവിടേണ്ട. രാജ്യം ശരിയായ ദിശയിലാണെന്ന് മോദിയുടെ വിമര്‍ശകര്‍ ഓര്‍ക്കണം. നമ്മുടെ സൈനികരെ കൊല്ലുന്ന ഭീകരരുടെ രാജ്യത്തിന്‍െറ പ്രധാനമന്ത്രിയെ ഹസ്തസാനം ചെയ്യുന്നത് സഹിഷ്ണുതതന്നെയല്ളേ. മോദിയുടെ ഈ സഹിഷ്ണുതകണ്ട് അസഹിഷ്ണുതയെ ചൊല്ലിയുള്ള പുകില്‍ മതിയാക്കണം -സാമ്ന പരിഹസിച്ചു.

മുംബൈ ഭീകരാക്രമണത്തിന്‍െറ ഏഴാംവാര്‍ഷിക ദിനത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സര പരമ്പരക്ക് നവാസ് ശരീഫ് അനുമതി നല്‍കിയതിനെയും സാമ്ന വിമര്‍ശിച്ചു. ഭീകരാക്രമണത്തിന്‍െറ ഓര്‍മദിവസംതന്നെ അനുമതിപത്രത്തില്‍ ഒപ്പിടുകവഴി ശരീഫ് മുംബൈ ഭീകരാക്രമണത്തിനിടെ പിടിക്കപ്പെട്ട കസബിനെ ആദരിക്കുകയാണ് ചെയ്തതെന്ന് സാമ്ന കുറ്റപ്പെടുത്തി. ഇതിനെ മോദി ചോദ്യംചെയ്യേണ്ടതായിരുന്നു. നല്ലദിനം കൊണ്ടുവരാന്‍ മോദി തന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിനായി അദ്ദേഹം നാടുചുറ്റുകയും പറക്കുകയുമൊക്കെ ചെയ്യുന്നുമുണ്ട്.

സൈനികരെ തടവിലാക്കി നേപ്പാള്‍പോലുള്ള ചെറിയരാജ്യം ഭീഷണിമുഴക്കുന്നുവെങ്കില്‍ ഇന്ത്യക്ക് പിഴച്ചതെവിടെയെന്ന് പരിശോധിക്കാന്‍ സമയമായി -സാമ്ന പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.