ഹിന്ദു ബില്ലിനെ എതിര്‍ത്തവര്‍ ഏക സിവില്‍ കോഡിന് വാദിക്കുന്നത് കാപട്യം –ഇര്‍ഫാന്‍ ഹബീബ്


ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശം നല്‍കേണ്ടിവരുമെന്നതിനാല്‍ ഹിന്ദു കോഡ് ബില്ലിനെ എതിര്‍ത്ത ആര്‍.എസ്.എസ് ഏക സിവില്‍ കോഡിന് വാദിക്കുന്നത് കാപട്യമാണെന്ന് പ്രമുഖ ചരിത്രകാരന്‍ പ്രഫ. ഇര്‍ഫാന്‍ ഹബീബ്.
ഡോ. അംബേദ്കര്‍  വിഭാവനം ചെയ്ത ഏകീകൃത സിവില്‍ കോഡ് ഭൂരിപക്ഷ ജനതയുടെ വിശ്വാസപ്രമാണം എല്ലാവരും പിന്‍പറ്റുക എന്നല്ല മറിച്ച് ഒരു പൗരനുപോലും വിവേചനം ഇല്ലാത്ത തുല്യനീതി ഉറപ്പുവരുത്തുന്നതാണ്. അത്തരമൊരു സംവിധാനം ഒരുക്കുന്നതിന് സംഘ്പരിവാറും കേന്ദ്രസര്‍ക്കാറും സന്നദ്ധമല്ളെന്ന് വ്യക്തമാക്കുന്നതാണ് രാജ്യത്തു പടരുന്ന അസഹിഷ്ണുത.
ഇന്ത്യയില്‍ വര്‍ഗീയ വിപത്തും അസഹിഷ്ണുതയും ഉടലെടുത്തത് മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതലല്ല, മറിച്ച് ആര്‍.എസ്.എസിന്‍െറ തുടക്കം മുതലാണെന്ന് ജോഷി-അധികാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വര്‍ഗീയതാ വിരുദ്ധ സിമ്പോസിയത്തില്‍ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ പങ്കെടുക്കാത്ത ആര്‍.എസ്.എസ് ഹിന്ദുക്കളെയും മുസ്ലിംകളെയും പോരടിപ്പിക്കാനാണ് ശ്രമിച്ചത്. എതിര്‍ശബ്ദങ്ങള്‍ക്ക് തടയിടാനാണ് അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ നിലപാടിനെതിരെ നിലകൊണ്ട ഏക അക്കാദമിക് സ്ഥാപനമായ ഇന്ത്യന്‍ ചരിത്രഗവേഷണ കോണ്‍ഗ്രസിനുള്ള സഹായം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
അടിയന്തരാവസ്ഥയിലെ പോരാട്ടപാരമ്പര്യം അവകാശപ്പെടുന്ന ആര്‍.എസ്.എസ് ക്ഷമാപണം നടത്തി അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കു പലതവണ കത്തയച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ബി. ബര്‍ദന്‍, ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, സഈദ് നഖ്വി, പ്രഫ. പ്രഭാത് പട്നായിക്്, സീമ മുസ്തഫ, അരുണ റോയ്, ആനന്ദ് പട്വര്‍ധന്‍ എന്നിവരും സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.