അന്നത്തെ പ്രളയം ചെന്നൈ കുടിച്ചുവറ്റിച്ചു; ഇന്ന് കുടിച്ചുവീര്‍ത്തു

ചെന്നൈ: കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ നഗരത്തെ പൂര്‍ണമായി മുക്കി പ്രളയം പെയ്തത്. അന്ന് ലഭിച്ചത് പതിവുള്ളതിനേക്കാള്‍ അഞ്ചുമടങ്ങ് അധികം മഴ; അഞ്ച് സെ.മീ. എന്നാല്‍, 1976 നവംബര്‍ 25ന് ചെന്നൈയില്‍ പെയ്ത മഴയുടെ അളവ് കേട്ടാല്‍ ഞെട്ടും;  45.2 സെ.മീ. നഗരത്തെ അപ്രത്യക്ഷമാക്കാന്‍ കെല്‍പുള്ള പ്രളയമായിരുന്നു. അന്ന് ഒന്നും സംഭവിച്ചില്ളെന്നുമാത്രമല്ല, അധികജലമെല്ലാം പൊടുന്നനെ നഗരം വലിച്ചെടുക്കുകയും ചെയ്തു. നാലുപതിറ്റാണ്ടിനിപ്പുറം പെയ്ത ‘തീരെ ചെറിയ’ മഴയില്‍ ഇന്ന് ചെന്നൈ മുങ്ങിക്കിടക്കുമ്പോള്‍ നഗരാസൂത്രണത്തിലെ പിഴവാണ് ദുരന്തവ്യാപ്തി കൂട്ടിയതെന്ന് വ്യക്തമാകുകയാണ്.
ചെന്നൈയിലും സമീപപ്രദേശങ്ങളിലും വന്‍ പ്രളയമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗം കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സാധാരണ സീസണില്‍ ലഭിക്കുന്ന മഴയുടെതിനേക്കാള്‍ 112 ശതമാനം അധികം മഴ പെയ്യുമെന്നായിരുന്നു ഒക്ടോബര്‍ 16ന് നല്‍കിയ മുന്നറിയിപ്പ്. സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ 10 ശതമാനം കൂടുതല്‍ ലഭിച്ചാല്‍ തന്നെ അത് പ്രളയത്തിന്‍െറ പരിധിയില്‍വരും. 112 ശതമാനം അധികമെന്നത് അത്യപൂര്‍വമായ പ്രളയമാണ്. 2015ലെ വടക്കുകിഴക്കന്‍ മണ്‍സൂണിനെക്കുറിച്ചുള്ള വിലയിരുത്തലിന്‍െറ ഭാഗമായി നല്‍കിയ ഈ മുന്നറിയിപ്പ് തമിഴ്നാട് അധികൃതര്‍ അവഗണിക്കുകയായിരുന്നു. ‘കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന് മുന്നറിയിപ്പ് നല്‍കാനേ കഴിയൂ, അല്ലാതെ നഗരാസൂത്രണത്തിന് കഴിയില്ല’; ഇന്ത്യ മെറ്റീരിയോളജിക്കല്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ എല്‍.എസ്. റാത്തോര്‍ പറഞ്ഞു. ഇത്തരം മുന്നറിയിപ്പുകള്‍ നഗരാസൂത്രണവിഭാഗം കാര്യമായി പരിഗണിക്കുന്നില്ളെന്നാണ് ചെന്നൈയുടെ ദുരന്തം വ്യക്തമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു മാസം മുമ്പ് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ കാര്യമായ മുന്നൊരുക്കം നടത്താന്‍ കഴിയുമായിരുന്നു. പ്രളയജലം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കിയും അവശ്യസാധന ലഭ്യത ഉറപ്പുവരുത്തിയും വാര്‍ത്താവിനിമയ സംവിധാനം സംരക്ഷിച്ചും ദുരന്തവ്യാപ്തി കുറക്കാമായിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
2015 എല്‍നിനോ വര്‍ഷമായിരിക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. സമുദ്രതാപനം ഉയരുന്നതിനും തത്ഫലമായി കനത്ത മഴക്കും ഇത് ഇടയാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.