ദാവൂദ് ഇബ്രാഹിമിന്‍െറ സ്വത്ത് ലേലം: മലയാളി പത്രപ്രവര്‍ത്തകന് ഭീഷണി

മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍െറ ഹോട്ടല്‍ ലേലത്തില്‍ വാങ്ങാന്‍ ശ്രമിക്കുന്ന മുംബൈ മലയാളിയായ പത്രപ്രവര്‍ത്തകന് അധോലോക ഭീഷണി. പ്രമുഖ കുറ്റാന്വേഷണ പത്രപ്രവര്‍ത്തകനായ പാലക്കാട് സ്വദേശി എസ്. ബാലകൃഷ്ണനാണ് ശനിയാഴ്ച ഭീഷണി ലഭിച്ചത്. ലേലത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്‍െറ വലംകൈ ഛോട്ടാ ശക്കീല്‍ സന്ദേശം അയച്ചെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.
 
1993 ലെ മുംബൈ സ്ഫോടന പരമ്പരക്കു ശേഷം സര്‍ക്കാര്‍ കണ്ടുകെട്ടിയ ദാവൂദിന്‍െറ ഏഴ് സ്വത്തുകളാണ് ബുധനാഴ്ച ലേലം ചെയ്യുന്നത്. ഇതില്‍ ദക്ഷിണ മുംബൈയില്‍ ഭിണ്ടി ബസാറിലുള്ള പാക്മോഡിയ സ്ട്രീറ്റിലെ ‘ഡല്‍ഹി സൈകാ’ ഹോട്ടല്‍ ലേലത്തില്‍ പിടിക്കാനാണ് ബാലകൃഷ്ണന്‍െറ ശ്രമം. 45.16 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഹോട്ടലിന് 1.18 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന മൂല്യം. പാവപ്പെട്ട കുട്ടികള്‍ക്ക് കംപ്യൂട്ടര്‍, ഇംഗ്ളീഷ് ഭാഷാ പരിശീലനം നല്‍കുന്ന സന്നദ്ധ സംഘടനയായ ദേശ സേവാ കമ്മിറ്റിക്കു വേണ്ടിയാണ് ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

മുമ്പ് നാലു തവണ സര്‍ക്കാര്‍ ലേലം ചെയ്തിട്ടും വാങ്ങാനാളില്ലാതെ പോയതാണ് ‘ഡല്‍ഹി സൈക്കാ’ ഹോട്ടല്‍. ഇത്തവണ ബാലകൃഷ്ണന്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറായത്. നേരത്തെ നാഗ്പാഡയിലെ ഒരു ഫ്ളാറ്റ് അടക്കം ദാവൂദിന്‍െറ മൂന്ന് സ്വത്തുകള്‍ ലേലത്തില്‍ വില്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ ഉടമകള്‍ക്ക് അവ കൈവശപെടുത്താന്‍ കഴിഞ്ഞിട്ടില്ല. നാഗ്പാഡയിലെ ഫ്ളാറ്റ് ലേലത്തില്‍ പിടിച്ചത് ഡല്‍ഹിക്കാരനായ അഭിഭാഷകനായിരുന്നു. ഇദ്ദേഹത്തെ ഇന്നോളം ഫ്ളാറ്റില്‍ കാലുകുത്താന്‍ ദാൂവദിന്‍െറ ‘ഡി കമ്പനി’ അനുവദിച്ചിട്ടില്ല. ഒടുവില്‍, പൊലീസിന് ഫ്ളാറ്റ് എഴുതി നല്‍കാന്‍ തയ്യാറായെങ്കിലും മുംബൈ പൊലീസ് അത് സ്വീകരിച്ചില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.