ന്യൂഡൽഹി: രാജ്യ തലസ്ഥാനമയ ന്യൂഡൽഹി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിൽ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്കർ ഇ ത്വയ്യിബയാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ചാരവൃത്തിയുമായി ബന്ധപ്പെട്ട് സാബിർ എന്ന അധ്യാപകനെ കശ്മീരിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഡിസംബർ ഒന്നിന് പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിലാണ് ഭീകരാക്രമണ വിവരങ്ങളുള്ളത്. ആൾത്തിരക്കുള്ള നഗരമേഖലകളെയും പ്രമുഖരെയുമാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നത്. ഈ ദൗത്യവുമായി തീവ്രവാദികൾ പാക് അധീന കശ്മീരിൽ നിന്ന് ഇന്ത്യൻ അതിർത്തി കടന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സൈനികരെയും ചാരന്മാരെയും ഉപയോഗിച്ച് രാജ്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ ചോർത്തിയതിനെ കുറിച്ച് നേരത്തെ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിൽ നിന്നാണ് രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന വിവരങ്ങൾ ഡൽഹി പൊലീസിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.