ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി ഹിന്ദുമഹാസഭാ നേതാവ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മുസഫര്‍ നഗര്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ സംഘര്‍ഷാവസ്ഥ. ഇതേതുടര്‍ന്ന് ദുയൂബന്ദ്, ശാംലി, മുസഫര്‍ നഗര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യു.പിയിലെ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് കമലേഷ് തിവാരി മദ്രസകളെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തി പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. ഹിന്ദുമഹാസഭാ നേതാവിനെതിരെ പ്രശസ്ത ഇസ്ലാമിക കലാലയം ദാറുല്‍ ഉലൂം ദുയൂബന്ദിലെ വിദ്യാര്‍ഥികള്‍ സഹറന്‍പൂര്‍ ഹൈവെ തടഞ്ഞു. തിവാരിയുടെ കോലവും കത്തിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് കമലേഷ് തിവാരിയെ അറസ്റ്റ് ചെയ്ത യു.പി പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടു.
തിവാരിയുടെ അറസ്റ്റിനെതിരെ രംഗത്തുവന്ന സംഘ്പരിവാര്‍ ഞായറാഴ്ച പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. തിവാരി പറഞ്ഞത് തെറ്റാണെങ്കില്‍ ആര്‍.എസ്.എസിനെക്കുറിച്ച് മന്ത്രി അസംഖാന്‍ പറഞ്ഞതും തെറ്റാണെന്നും അസംഖാനെയൂം അറസ്റ്റ് ചെയ്യണമെന്നും ബജ്റംഗദള്‍ നേതാവ് കുല്‍ദീപ് പുന്‍ദിര്‍ പറഞ്ഞു. തിവാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് തടഞ്ഞ ദാറുല്‍ ഉലൂം ദുയൂബന്ദ് വിദ്യാര്‍ഥികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ച്ചയുടെ വാര്‍ഷികവും ചേര്‍ന്നുവന്നതോടെയുള്ള സംഘര്‍ഷ രൂക്ഷമായിട്ടുണ്ട്. പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു.പി പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.