കോയമ്പത്തൂര്‍: പ്രളയത്തില്‍ ജീവിതം വഴിമുട്ടി ജനലക്ഷങ്ങള്‍. ചെന്നൈ, കടലൂര്‍, തിരുവള്ളൂര്‍, കാഞ്ചിപുരം, തൂത്തുക്കുടി, നാഗപട്ടണം തുടങ്ങിയ ജില്ലകളിലാണ് പേമാരി കനത്ത നാശം വിതച്ചത്. മഴ അല്‍പം ശമിച്ചെങ്കിലും വീടുകള്‍ തകര്‍ന്ന് റേഷന്‍കാര്‍ഡ് ഉള്‍പ്പെടെ രേഖകളും ആധാരങ്ങളും സമ്പാദ്യവും നഷ്ടപ്പെട്ട് കുഞ്ഞുമക്കളുമായി തെരുവുകളില്‍ അലയുകയാണ് ഇവര്‍. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും മറ്റും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ച് ഇതുവരെ 245 പേര്‍ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. ലക്ഷക്കണക്കിനാളുകളെയാണ് അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. വെള്ളത്തില്‍ കുടുങ്ങിയ മൂന്നര ലക്ഷത്തോളം പേരെ മോചിപ്പിച്ചു.
ചെന്നൈയില്‍ മാത്രം 859 പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പുറമ്പോക്കുകളിലും പുഴയോരങ്ങളിലും മറ്റുമായി ആയിരക്കണക്കിന് താല്‍ക്കാലിക കുടിലുകളില്‍ താമസിച്ചിരുന്ന പാവപ്പെട്ട കുടുംബങ്ങളാണ് നിരാലംബരായത്. കടലൂര്‍, നാഗപട്ടണം, തിരുവള്ളൂര്‍, കാഞ്ചിപുരം തുടങ്ങിയ ജില്ലകളില്‍ മതിയായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ളെന്നും ദുരിതാശ്വാസമത്തെുന്നില്ളെന്നും പരാതികളുണ്ട്. അതിനിടെ, ആയിരക്കണക്കിന് കുടുംബങ്ങള്‍ ചെന്നൈയില്‍നിന്ന് പാലായനം തുടങ്ങി. സുരക്ഷിതമല്ളെന്ന തോന്നലുളവാകുകയും ജീവിതമാര്‍ഗങ്ങള്‍ വഴിമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്.
സംസ്ഥാനത്തെ മൊത്തം 3,548 റവന്യു വില്ളേജുകളിലായാണ് മഴ നാശം വിതച്ചത്. 92,000 ഹെക്ടര്‍ കൃഷി നശിച്ചു. 14,410 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. വൈദ്യുതി-ടെലഫോണ്‍ സംവിധാനങ്ങളും നിശ്ചലമാണ്.
റെയില്‍വേ ഗതാഗതവും താറുമാറായി. ഒരാഴ്ചക്കിടെ 420 ട്രെയിനുകളാണ് സര്‍വിസ് റദ്ദാക്കിയത്. മിക്കയിടത്തും പാളങ്ങള്‍ വെള്ളത്തിനടിയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമാണ്. പാലിനും പച്ചക്കറിക്കും തീവില. എ.ടി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമായി തുടരുന്നു. മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം ഭാഗികമായി പുന$സ്ഥാപിച്ചു. ഇന്ധന വിതരണം സാധാരണ നിലയിലാവാന്‍ ഒരാഴ്ച സമയം വേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, വിഴുപ്പുറം, പുതുശേരി എന്നിവിടങ്ങളിലായി 850 പെട്രോള്‍ ബങ്കുകളാണുള്ളത്. മഴ മൂലം ഇതില്‍ 300ലധികം ബങ്കുകളിലാണ് വിതരണം മുടങ്ങിയിരിക്കുന്നത്. ബങ്കുകളിലെ സംഭരണ ടാങ്കില്‍നിന്ന് വെള്ളം പൂര്‍ണമായി ഒഴിവാക്കിയതിന് ശേഷം മാത്രമേ ഇന്ധനം നിറക്കാന്‍ കഴിയൂ. മണലി എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്. പാചകവാതക സിലിണ്ടറുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡെങ്കി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എന്‍ജിനില്‍ വെള്ളം കയറി നൂറുകണക്കിന് സര്‍ക്കാര്‍ ബസുകള്‍ കട്ടപ്പുറത്താണ്. പ്രളയബാധിത ജില്ലകളില്‍ മുഴുവന്‍ ബാങ്കുകള്‍ക്കും ഞായറാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസമായി ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. കാഞ്ചിപുരത്ത് 237 ദുരിതാശ്വാസ ക്യാമ്പുകളിലായി 55,514 പേരാണുള്ളത്. രണ്ട് ദിവസത്തിനിടെ മാത്രം 26 പേര്‍ മരിച്ചു. തിരുവള്ളൂര്‍ ജില്ലയില്‍ 209 ക്യാമ്പുകളിലായി 30,014 പേരുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സ്വകാര്യ ഒമ്നി ബസുകളിലും ടാക്സികളിലും അമിത ചാര്‍ജാണ് ഈടാക്കുന്നത്.
സ്വകാര്യ ഒമ്നി ബസുകളില്‍ ഹൈദരാബാദ്, ബംഗളൂരു, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രാനിരക്ക് 2,000 രൂപ മുതല്‍ 5,000 രൂപ വരെയാണ്. അറകോണത്തുനിന്ന് ട്രെയിന്‍-വിമാന സര്‍വിസ് തുടങ്ങിയിട്ടുണ്ട്. നെല്ലുല്‍പാദന മേഖലകളായ തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം തുടങ്ങിയ ജില്ലകളിലെ കൃഷിയിടങ്ങളില്‍ വെള്ളംകയറി വ്യാപക നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പുനരധിവാസ-നിവാരണ പ്രവൃത്തികള്‍ ജയലളിത സര്‍ക്കാറിന് വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.