ന്യൂഡല്‍ഹി: നിര്‍ദിഷ്ട ലോക്പാല്‍ സംവിധാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുപ്രവര്‍ത്തകരുമെതിരായ അഴിമതി ആരോപണം അന്വേഷിക്കുന്ന ഏക ഏജന്‍സിയായി മാറ്റണമെന്ന് പാര്‍ലമെന്‍ററി സമിതി ശിപാര്‍ശ. കോണ്‍ഗ്രസ് നേതാവ് സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ വെച്ചു. സി.ബി.ഐ, സി.വി.സി, പൊലീസിലെ അഴിമതിവിരുദ്ധ വിഭാഗം തുടങ്ങിയ ഏജന്‍സികളാണ് ഇപ്പോള്‍ കേസുകള്‍ അന്വേഷിക്കുന്നത്. സി.ബി.ഐ, സി.വി.സി എന്നിവയെയും പൊലീസിലെ അഴിമതിവിരുദ്ധ വിഭാഗത്തെയും ലോക്പാലിന് കീഴിലാക്കണം. ലോക്പാല്‍ അല്ളെങ്കില്‍ ലോകായുക്ത കൈകാര്യംചെയ്യുന്ന പരാതികളില്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ, സി.വി.സി, പൊലീസിലെ അഴിമതിവിരുദ്ധ വിഭാഗം എന്നിവ പ്രവര്‍ത്തിക്കണം. ഇവര്‍ തമ്മില്‍ ഫലപ്രദമായ ഏകോപനം ഉണ്ടാകണം. അതിനായി ലോക്പാലിന്‍െറ ആസ്ഥാനം സി.വി.സി ആസ്ഥാനത്തുതന്നെ പ്രവര്‍ത്തിക്കണം. ലോക്പാലിന്‍െറയും സി.വി.സിയുടെയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വ്യക്തമായ വിഭജനം വേണം. സര്‍ക്കാര്‍ ജീവനക്കാരും പൊതുപ്രവര്‍ത്തകരും സ്വത്തുവിവരം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുകയും അതിന്‍െറ പകര്‍പ്പ് ലോക്പാലിന് അല്ളെങ്കില്‍ ലോകായുക്തക്ക് ലഭിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്. ശേഷം അവര്‍ നല്‍കുന്ന വരുമാന നികുതി റിട്ടേണുമായി ആദ്യം നല്‍കിയ കണക്ക് ഒത്തുനോക്കുകയും സ്വത്ത് മറച്ചുവെച്ചതായി സംശയകരമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് പരിശോധിക്കുകയും വേണം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യണം. ലോക്പാല്‍ ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിക്കാനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്സഭയിലെ പ്രതിപക്ഷനേതാവ്, അല്ളെങ്കില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവിനെ ഉള്‍പ്പെടുത്തണം. പ്രതിപക്ഷ പ്രതിനിധിയുടെ അസാന്നിധ്യത്തില്‍ ചേരുന്ന യോഗം തീരുമാനമെടുക്കാന്‍ പാടില്ളെന്നും പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.