ചെന്നൈ: പ്രളയം തകര്‍ത്തെറിഞ്ഞ ചെന്നൈ നഗരം സാധാരണനിലയിലേക്ക് സാവധാനം തിരികെ വരുന്നു. തിങ്കളാഴ്ച പൂര്‍ണമായും മഴ മാറിനിന്നു. ഭക്ഷണ-വെള്ള ക്ഷാമത്തിന് പരിഹാരമായി. സര്‍ക്കാര്‍ ഏജന്‍സികളുടെയും നൂറുകണക്കിന് സംഘടനകളുടെയും നേതൃത്വത്തില്‍ ടണ്‍കണക്കിന് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും വിതരണം ചെയ്യുന്നുണ്ട്.
റോഡ്- റെയില്‍-വ്യോമ ഗതാഗതം പുന$സ്ഥാപിച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന$സ്ഥാപിക്കാനുള്ള പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും തിങ്കളാഴ്ച പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില കുറവായിരുന്നു. ഹോട്ടലുകള്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങള്‍ ഭാഗികമായ തുറന്നു. വന്‍ മാളുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. ഇന്ധനക്ഷാമം പരിഹരിച്ചുവരുന്നു. വെള്ളം കയറി പ്രവര്‍ത്തനരഹിതമായ നൂറുകണക്കിന് എ.ടി.എമ്മുകള്‍ നന്നാക്കിവരുന്നു. പണം നിറച്ച ചുരുക്കം എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വന്‍ നിര കാണാമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ആവിന്‍ പാല്‍വിതരണം പുന$സ്ഥാപിച്ചതായി അവകാശപ്പെട്ടെങ്കിലും വളരെ വൈകിയാണ് മിക്ക പ്രദേശങ്ങളിലും പാല്‍ എത്തിയത്. അവശ്യ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.
ചെന്നൈ, കാഞ്ചീപുരം ജില്ലകളുടെ അതിര്‍ത്തിയായ താംബരം മേഖലയില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സൈനികവിഭാഗങ്ങളും ഈ മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനം വ്യോമസേന അവസാനിപ്പിച്ചു. വെള്ളക്കെട്ട് ഒഴിഞ്ഞതിനാല്‍ ചെന്നൈ നഗരത്തിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും ശ്രദ്ധിക്കുന്നത്. നദികളിലെയും കനാലുകളിലെയും വെള്ളം താഴ്ന്നു. റോഡ്, ട്രെയിന്‍, വ്യോമഗതാഗതം പുന$സ്ഥാപിച്ചു. കോയമ്പേട് ബസ്സ്റ്റാന്‍ഡില്‍നിന്ന് മലയാളികളെ വഹിച്ചുള്ള കെ.എസ്.ആര്‍.ടി.സിയുടെ അവസാന ബസും തിങ്കളാഴ്ച വൈകീട്ടോടെ പുറപ്പെട്ടു.
ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ റെയില്‍വേ സ്റ്റേഷനുകള്‍ വെള്ളക്കെട്ടില്‍നിന്ന് മോചിതമായി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാനങ്ങള്‍ക്കൊപ്പം വിദേശ സര്‍വിസുകളും പറന്നുപൊങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.