ദീപ്തി പറയുന്നു, ഇവര്‍ മാലാഖമാര്‍...

ചെന്നൈ: കൊടും നാശംവിതച്ച പ്രളയത്തിനിടെ വ്യോമസേന രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ യുവതി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മംനല്‍കി. പ്രളയമേഖലകളിലെ ദുരന്തദൃശ്യങ്ങള്‍ മനസ്സില്‍നിന്ന് മായാതെനില്‍ക്കുന്ന താംബരം വ്യോമസേനാതാവളത്തിലെ സൈനികര്‍ മധുരംപങ്കിട്ടാണ് ഈ സന്തോഷം പങ്കുവെച്ചത്. ഗിണ്ടിക്ക് സമീപം രാമപുരത്തെ ഫ്ളാറ്റില്‍നിന്ന് ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയ ദീപ്തി വേലുച്ചാമിയാണ് (28) പ്രസവിച്ചത്. ഈ മാസം രണ്ടിന് രക്ഷപ്പെടുത്തിയ യുവതി നാലാംതീയതിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മംനല്‍കിയത്. രക്ഷപ്പെടുത്തുമ്പോള്‍ ഇവര്‍ ഒമ്പതു മാസം ഗര്‍ഭിണിയായിരുന്നു. ബംഗളൂരു ഹൊസൂര്‍ സ്വദേശിയായ ഭര്‍ത്താവ് കാര്‍ത്തിക് വേലുച്ചാമി ബംഗളൂരുവില്‍നിന്ന് ചെന്നൈയിലത്തെി ഭാര്യയെയും കുട്ടികളെയും കണ്ടു. തുടര്‍ന്ന് രക്ഷാദൗത്യം നിര്‍വഹിച്ച വ്യോമസേനാംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു.
താംബരത്തെ വ്യോമസേനാ താവളത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗിണ്ടി മേഖലയില്‍ ചീറ്റ ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിടെയാണ് വ്യോമസോംഗങ്ങള്‍ പൂര്‍ണഗര്‍ഭിണിയായ ദീപ്തിയെ അഞ്ചുനില ഫ്ളാറ്റിന്‍െറ ടെറസില്‍ സഹായ അഭ്യര്‍ഥനയുമായി നില്‍ക്കുന്നതുകണ്ടത്. സേനാംഗങ്ങള്‍ വലസഞ്ചിയില്‍ ഇരുത്തിയാണ് ഇവരെ ഹെലികോപ്ടറില്‍ എത്തിച്ചത്. താംബരത്തെ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയശേഷം സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സാരേഖകള്‍ ഓണ്‍ലൈന്‍ വഴിയാണ് ലഭ്യമാക്കിയത്.
പ്രളയത്തില്‍ കുടുങ്ങിയ നാലു ഗര്‍ഭിണികളെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയെന്ന് മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗിണ്ടിക്കടുത്ത് മേടമ്പാക്കത്തുനിന്ന് ഏഴുമാസം ഗര്‍ഭിണിയായ സുകന്യയെയും മൂന്നു വയസ്സുള്ള കുട്ടിയെയും രക്ഷിച്ചിരുന്നു. നാലാംനിലയുടെ ടെറസില്‍ കനത്ത മഴയത്ത് ഇവര്‍ കുടചൂടി രക്ഷാപ്രവര്‍ത്തകര്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു. ഈ കെട്ടിടത്തിന്‍െറ ഇരുനിലയും വെള്ളത്തില്‍ മുങ്ങി രണ്ടു ദിവസമായി വൈദ്യുതി നിലച്ചിരുന്നു. മരണം മുഖാമുഖംകണ്ട സമയത്താണ് മാലാഖമാരെപ്പോലെ സൈന്യം പറന്നിറങ്ങിയതെന്ന് സൈനിക ആശുപത്രിയില്‍ കഴിയുന്ന സുകന്യ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.