ചെന്നൈ: ഇടവിട്ട് പെയ്യുന്ന ചാറ്റല്‍മഴ ചെന്നൈ നഗരത്തിലെ ശുചീകരണത്തെ ബാധിക്കുന്നു. പകര്‍ച്ചവ്യാധി തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന മാലിന്യ നീക്കത്തെയും സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ചാറ്റല്‍ മഴ താളം തെറ്റിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍നിന്ന് കഴിഞ്ഞ ദിവസം എത്തിയ 4000ത്തോളം താല്‍ക്കാലിക തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങി. മാലിന്യനീക്കത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നില്ളെന്ന് വ്യാപക പരാതിയുണ്ട്.
പ്രളയം തൂത്തെറിഞ്ഞ ജാഫര്‍ഖാന്‍ പേട്ട്, പുതുപ്പേട്ട് പ്രദേശങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. കെ.കെ നഗര്‍, അശോക് നഗര്‍ തുടങ്ങിയ തെരുവുകളില്‍ മാലിന്യം നീക്കാതെ ബ്ളീച്ചിങ് പൗഡര്‍ മാത്രം വിതറിപ്പോയ ജീവനക്കാരെ ജനം തടഞ്ഞുവെച്ചു. മാലിന്യം മൂടിക്കിടക്കുന്ന മുടിച്ചൂര്‍ പ്രദേശത്തുനിന്ന് ജനം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മടങ്ങുകയാണ്.
ചെന്നൈ നഗരത്തില്‍ മേഘാവൃതമായ ആകാശമാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തും ചാറ്റല്‍ മഴയുണ്ട്. മോശം കാലാവസ്ഥയത്തെുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ചെന്നൈയില്‍ രണ്ടു ദിവസം കൂടി ഇതേ അന്തരീക്ഷം തുടരും. തീരദേശ ജില്ലകളില്‍ ഇടവിട്ട് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പുണ്ട്.
കടലൂര്‍, നാഗപട്ടണം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി പ്രദേശങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ചെന്നൈയില്‍നിന്ന് പിന്‍വലിഞ്ഞ ദേശീയ ദുരന്ത സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി മഴ തുടരുന്ന കടലോര പ്രദേശങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.
ചെന്നൈ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിബന്ധം പുന$സ്ഥാപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം രണ്ടുദിവസം കൊണ്ട് സാധാരണ നിലയിലാകും. എ.ടി.എമ്മുകളില്‍ പണംനിറക്കുന്നത് പുരോഗമിക്കുന്നു. മൊബൈല്‍ എ.ടി.എം സേവനവും ലഭ്യമാണ്. ഇന്ധനക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെട്ടു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു. ഗതാഗതതടസ്സം പരിഹരിച്ചുവരുന്നു. അയല്‍സംസ്ഥാനങ്ങളില്‍നിന്നടക്കം എത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും വിതരണം തുടരുന്നു. 13 വരെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
ചെന്നൈ നഗരത്തിലേക്ക് ചരക്കുനീക്കം തുടങ്ങിയതോടെ പഴം പച്ചക്കറി അടക്കമുള്ള അവശ്യസാധനവില താഴ്ന്നു. മത്സ്യമാംസ വിലയില്‍ കുറവില്ല. കടലില്‍ പോകുന്നതില്‍നിന്ന് മത്സ്യബന്ധനത്തൊഴിലാളികളെ തടഞ്ഞിട്ടുണ്ട്. കടലില്‍ ശക്തമായ കാറ്റ് തുടരുമെന്നാണ് ഒൗദ്യോഗിക അറിയിപ്പ്.
ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ജയ
ചെന്നൈ: തമിഴ്നാട് പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. ദുരിതത്തിനിരയായവരുടെ വീട്, വാഹനവായ്പകള്‍ എന്നിവക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ജയ കത്തില്‍ ആവശ്യപ്പെട്ടു. തുച്ഛവരുമാനക്കാരായ സാധാരണക്കാരാണ് ദുരിതബാധിതരില്‍ ഏറെയുമെന്നതിനാല്‍ ഇവര്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ ചെറുകിട വായ്പകളും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും അനുവദിക്കണം. ആയിരക്കണക്കിന് കുടുംബങ്ങളുടെ വിലയേറിയ സാധനങ്ങളും സ്വത്തുക്കളും റോഡ് പോലുള്ള അടിസ്ഥാനസൗകര്യങ്ങളും പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഇവ സാധാരണതോതിലുള്ള സഹായധനംകൊണ്ട് വീണ്ടെടുക്കാനാകില്ളെന്ന് കത്തില്‍ പറയുന്നു. നാശനഷ്ടങ്ങളെക്കുറിച്ച് കൃത്യമായ സര്‍വേ നടത്തി ന്യായമായ നഷ്ടപരിഹാരം വൈകാതെ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണം. വായ്പകളുടെ മാസ അടവിന് ബാങ്കുകള്‍ സമയമനുവദിക്കണം. പ്രളയബാധിത പ്രദേശങ്ങളില്‍ വില്‍ക്കുന്ന ഗൃഹോപകരണങ്ങള്‍ക്ക് 2016 മാര്‍ച്ച് 31വരെ എക്സൈസ് ഡ്യൂട്ടി ഇളവനുവദിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നടപടികള്‍ സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.