മോദിയും കാമറണും അസഹിഷ്ണുത ചര്‍ച്ച ചെയ്തു

ലണ്ടന്‍: കഴിഞ്ഞമാസം ബ്രിട്ടന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യയിലെ അസഹിഷ്ണുതാവിഷയവും മനുഷ്യാവകാശങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ചര്‍ച്ച ചെയ്തതായി പാര്‍ലമെന്‍റിനെ അറിയിച്ചു. തിങ്കളാഴ്ച പ്രഭുസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ, കോമണ്‍വെല്‍ത്ത് ഓഫിസ് സഹമന്ത്രി ജോയ്സ് ആന്‍ലെയാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യയുടെ സഹിഷ്ണുതയുടെ പാരമ്പര്യം സംരക്ഷിക്കാനുള്ള മോദിയുടെ പ്രതിജ്ഞാബദ്ധതയെ കാമറണ്‍ സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിനിടെ എല്ലാ വിഷയങ്ങളും സംസാരിച്ചുവെന്നും മനുഷ്യാവകാശ വിഷയങ്ങളും ചര്‍ച്ച ചെയ്തതായും കാമറണ്‍ പി.ടി.ഐയോട് പറഞ്ഞിരുന്നു. ബ്രിട്ടനെ കാണുന്നതുപോലെയാണ് താന്‍ ഇന്ത്യയെയും കാണുന്നത്. ബഹുവര്‍ഗ, ബഹുവിശ്വാസ, ബഹുവംശീയ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിസര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുംനേരെ വിവേചനത്തിന്‍െറ തെളിവുകളുണ്ടെന്ന് വിംബ്ള്‍ഡണില്‍നിന്നുള്ള പ്രഭുസഭാംഗം ലോര്‍ഡ് ഇന്ദര്‍ജിത് സിങ് ഈയാഴ്ച സഭയില്‍ പറഞ്ഞിരുന്നു. വ്യാപാരപരിഗണനകള്‍ കൂടാതെ മനുഷ്യാവകാശങ്ങള്‍ എല്ലായിടത്തും സംരക്ഷിക്കപ്പെടണമെന്നതില്‍ സര്‍ക്കാര്‍ യോജിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.