ബീഫ് ഫെസ്റ്റിവല്‍: ഉസ്മാനിയ വാഴ്സിറ്റിയില്‍ സംഘര്‍ഷം രൂക്ഷം

ഹൈദരാബാദ്: വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാലയില്‍ സ്ഥിതി സങ്കീര്‍ണം. മുന്‍കരുതലെന്നോണം 16 വിദ്യാര്‍ഥികളെയും ബി.ജെ.പി എം.എല്‍.എയെയും അറസ്റ്റ് ചെയ്തും കാമ്പസ് അടച്ചും സംഘര്‍ഷം ഒഴിവാക്കിയ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ബീഫ് ഫെസ്റ്റിവല്‍ ഹോസ്റ്റലുകളില്‍ നടത്തി വിദ്യാര്‍ഥികള്‍ ചിത്രം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   
അസഹിഷ്ണുതക്കെതിരെ മനുഷ്യാവകാശ ദിനത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് ഇടത്- ദലിത് അനുകൂല സംഘടനയായ ഡെമോക്രാറ്റിക് കള്‍ച്ചറല്‍ ഫോറം പ്രഖ്യാപിച്ചതോടെ പോര്‍ക് ഫെസ്റ്റിവലും ഗോപൂജയുമായി മറുവിഭാഗവും രംഗത്തത്തെുകയായിരുന്നു. ഇത്തരം ഫെസ്റ്റിവലുകള്‍ നിയമവിരുദ്ധവും മൃഗാവകാശ നിയമത്തിനെതിരുമാണെന്ന് കാണിച്ച് കോടതിയും ഇടപെട്ടു. സംഘര്‍ഷമുറപ്പായതോടെയാണ് ബുധനാഴ്ച രാത്രി മുതല്‍ കാമ്പസില്‍ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അധികൃതര്‍ കോട്ടയൊരുക്കിയത്.കോടതിവിധി നടപ്പാക്കാനാണ് പൊലീസ് വിന്യാസമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. സംഘാടകരായ വിദ്യാര്‍ഥികള്‍ക്കു പുറമെ തടയുമെന്ന് പ്രഖ്യാപിച്ച ഗോശമഹലില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്ങിനെയും കസ്റ്റഡിയിലെടുത്തു. കാവേരി, നര്‍മദ ഹോസ്റ്റലുകളില്‍നിന്നാണ് 16 വിദ്യാര്‍ഥികളെ പിടികൂടി അംബര്‍പേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
 എം.എല്‍.എയെ സ്വവസതിയില്‍നിന്നും കസ്റ്റഡിയിലെടുത്തു. കാമ്പസിലേക്ക് പ്രവേശിക്കുന്ന എല്ലാ കവാടങ്ങളും പൂട്ടിയിട്ടുണ്ട്. പ്രതിഷേധത്തിന്‍െറ ഭാഗമായി ചൊവ്വാഴ്ച യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ കാമ്പസില്‍ ബീഫ് ബിരിയാണിയും കബാബും വിളമ്പിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.